ജനമനസ്സുകളേറ്റുവാങ്ങിയ സഫാരി മാൾ ഇനി റാസൽഖൈമയിലും; പുതിയ മാൾ ഡിസംബര്‍ 26ന് പ്രവർത്തനം ആരംഭിക്കും
ഷോപ്പിംഗ് രംഗത്ത് ജനകീയത സമ്മാനിച്ച് അതിവേഗം വളരുന്ന സഫാരി ഗ്രൂപ്പിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു.റാസൽഖൈമയിൽ 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയായ സഫാരി മാൾ 2024 ഡിസംബർ 26ന് വൈകീട്ട് 4 മണിക്ക് ഷൈഖ് ഒമര്‍ ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യുമെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈപർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് തുടങ്ങിയ വിഭാഗങ്ങൾ ഇവിടെയുമുണ്ടാകും. ഷാര്‍ജയിലെ സഫാരി മാളിന്റെ വൻ വിജയമാണ് റാസൽഖൈമയിലും പ്രവർത്തനം തുടങ്ങാൻ പ്രചോദനമായതെന്ന് പറഞ്ഞ അദ്ദേഹം, ഷാർജ സഫാരിയെ പോലെ റാസല്‍ഖൈമ സഫാരിക്കും വൻ ജനസ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 26 മുതല്‍ സഫാരി മാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒന്നും പര്‍ച്ചേസ് ചെയ്യാതെ തന്നെ 'വിസിറ്റ് ആന്റ് വിന്‍' പ്രമോഷനിലൂടെ ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി നേടാം. വെറും രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിര്‍ഹമും രണ്ടാം സമ്മാനമായി 30,000 ദിര്‍ഹമും മൂന്നാം സമ്മാനമായി 20,000 ദിര്‍ഹമും സമ്മാനമായി നേടാം.
കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് സുസൂക്കി ജിംനി 5 കാറുകള്‍ നൽകുന്ന പ്രമോഷനും സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിർഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി 'മൈ സഫാരി' ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.
യു.എ.ഇയിലെ മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും പ്രവർത്തന പഥത്തിൽ ഒട്ടേറെ അപൂർവതകൾ സമ്മാനിച്ച് ചരിത്രമെഴുതിയ ഷോപ്പിംഗ് സമുച്ചയത്തിന്റെ പേരാണ് സഫാരി മാള്‍ എന്ന് സഫാരി ഗ്രൂപ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. അതിന്റെ പിറവിയും പ്രവർത്തനാരംഭവും നാളിത് വരെയുള്ള പ്രയാണവും തികച്ചും സവിശേഷതകൾ നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ്, പാർട്ടി ഹാളും ഫുട്ബോൾ/ബാഡ്മിൻ്റൻ കോർട്ടുകളും, അധികമായി ഏർപ്പെടുത്തിയ വ്യാപാര സമുച്ചയം തുടങ്ങി മറ്റു മാളുകളിൽ നിന്നും വേറിട്ടു നിർത്തുന്ന ഒട്ടേറെ പ്രത്യേകതകൾ സഫാരിക്ക് മാത്രം സ്വന്തമായുള്ളതാണ്. ഒരു ഷോപ്പിംഗ് മാൾ ഇങ്ങനെയൊക്കെയോ എന്ന് ഉപയോക്താക്കളെ അൽഭുത പരതന്ത്രരാക്കുന്ന വിധത്തിൽ സമ്പൂർണമായും ഉപയോക്തൃ സൗഹൃദമായിട്ടായിരുന്നു സഫാരിയുടെ ഷാര്‍ജയിലേക്കുള്ള വരവ്. വ്യാപാര-വാണിജ്യ രംഗങ്ങളിൽ നിലവിലെ വമ്പൻ സ്ഥാപനങ്ങൾ നടപ്പാക്കി വരുന്ന പതിവു ശൈലികളെയെല്ലാം പൊളിച്ചെഴുതിക്കൊണ്ടായിരുന്നു സഫാരിയുടെ തകർപ്പൻ മുന്നേറ്റം. അവയ്ക്കൊന്നും അനുകരിക്കാനാവാത്ത പുത്തൻ മാതൃകകളും ശൈലികളും സ്വീകരിച്ചു കൊണ്ടാണ് സഫാരി അതിന്റെ സവിശേഷ സ്ഥാനം അടയാളപ്പെടുത്തിയത്.
2019 സെപ്തംബർ 4ന് സഫാരി മാൾ യു.എ.ഇയിൽ ആദ്യമായി ഉദ്ഘാടനം ചെയ്യുമ്പോൾ നടപ്പാക്കിയ അസാധാരണ പ്രമോഷനായിരുന്ന 'വിസിറ്റ് & വിൻ' (യാതൊന്നും പർചേസ് ചെയ്യാതെ തന്നെ 1 കിലോ സ്വർണം ഉപയോക്താവിന് ലഭിക്കുന്ന സമ്മാന പദ്ധതി), ആഴ്ചയില്‍ 4 കാറുകള്‍ വീതം ആകെ 30 ടൊയോട്ട കാറുകൾ നൽകുന്ന പദ്ധതി, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നൂറുകണക്കിന് കാറുകൾ നൽകുന്ന സംരംഭം, സ്വർണം, ക്യാഷ് പ്രൈസ്, വിലപിടിച്ച മറ്റു സമ്മാനങ്ങൾ തുടങ്ങി യു.എ.ഇയില്‍ ഇന്നേവരെ മറ്റൊരു റീടെയില്‍ ഔട്ലെറ്റും നല്‍കാത്ത കൂറ്റൻ പ്രമോഷനുകളും ഓഫറുകളും സമ്മാനങ്ങളും എന്നിവയെല്ലാം തന്നെ വമ്പിച്ച ജനാകർഷക നീക്കങ്ങളായിരുന്നു.
ഷാർജയിലെ സഫാരി മാൾ മുഖേന ഫുഡ്, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഗാർഡനിംഗ്, കൺസ്യൂമർ ഡിവിഷനുകളിൽ നൂറുകണക്കിന് മേളകളും പ്രമോഷനുകളും ഓഫറുകളും വിലക്കിഴിവുകളും കൊണ്ട് വിശ്വസ്ത ഉപയോക്താക്കൾക്ക് കൈനിറച്ചും മനം നിറച്ചും സഫാരി നൽകിക്കഴിഞ്ഞു. ജന ജീവിതത്തിൽ സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന ആഡംബര കാറുകളും, നാടിൻ്റെ ഗൃഹാതുര സ്മൃതികളുടെ പശ്ചാത്തലത്തിൽ സഫാരി ഒരുക്കിയ ഭക്ഷ്യ മേളകളും, പ്രകൃതി പരിപാലനത്തിൻ്റെ സന്ദേശം വിളിച്ചോതി ഗാർഡനിംഗ് സെക്ഷനിൽ നടത്തിയ 'ഗോ ഗ്രീൻ, ഗ്രോ ഗ്രീൻ' യജ്ഞവും, അറിവിൻ്റെ അക്ഷയ ഖനികൾ സമ്മാനിച്ച പുസ്തക മേളകളും, ജീവകാരുണ്യ സംരംഭങ്ങളും, സാംസ്കാരിക പരിപാടികളും മറ്റൊരു വ്യാപാര സമുച്ചയവും ഇതേവരെ യു.എ.ഇയിൽ നടപ്പാക്കിയിട്ടില്ലെന്ന് നിസ്സംശയം പറയാനാകും.
കൂടാതെ, കൊറോണ കാലത്ത് യഥാര്‍ത്ഥ മാലാഖമാര്‍ എന്നു തെളിയിച്ച 500 നഴ്‌സുമാരെ ആദരിച്ച മഹത്തായ പരിപാടി സഫാരിയെ മറ്റു റീടെയില്‍ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയെന്ന കാര്യവും എടുത്തു പറയേണ്ടതാണ്. കേവലമൊരു വാണിജ്യ കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ഹൃദയത്തിലേക്ക് സ്‌നേഹപൂർവം നടന്നു കയറിയ ജനകീയ പ്രസ്ഥാനമാണിന്ന് സഫാരി. ഈ കരുത്തുറ്റ അടിത്തറയിലാണ് സഫാരി റാസൽഖൈമയിലും ആരംഭിക്കുന്നത്.
ഷാർജ സഫാരിയിൽ യു.എ.ഇലുടനീളമുള്ള ഉപയോക്താക്കളാണ് എത്താറുള്ളത്. അവരുടെ ആവശ്യം കൂടി പരിഗണിച്ച് വിവിധ എമിറേറ്റുകളിൽ കൂടി സാന്നിധ്യമാവാനുള്ള പദ്ധതിയുടെ ഭാഗമായാണ് അതിൻ്റെ ആദ്യ പടിയായി റാസൽഖൈമയിൽ മാൾ പ്രവർത്തനമാരംഭിക്കുന്നത്. അബൂദബി അടക്കമുള്ള മറ്റു എമിറേറ്റുകളിലേക്കും ഉടൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേർത്തു.
സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം കാസിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.