കുടിശ്ശിക തുക അടച്ച് തീർത്ത് റിലയൻസ് പവർ ; ഓഹരി വില ഉയർന്നു

Update: 2024-12-09 12:33 GMT

പ്രതിസന്ധികള്‍ക്കിടയിലും നില മെച്ചപ്പെടുത്തി അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവര്‍. ഘട്ടം ഘട്ടമായി സാമ്പത്തിക ബാധ്യത പരിഹരിച്ചുവരികയാണ് കമ്പനി. ഏറ്റവുമൊടുവിലായി അമേരിക്കയിലെ എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കില്‍ നിന്നുള്ള ടേം ലോണിന്‍റെ പലിശ കുടിശ്ശിക റിലയന്‍സ് പവറിന്‍റെ അനുബന്ധ കമ്പനിയായ സമാല്‍ക്കോട്ട് പവര്‍ തിരിച്ചടച്ചു. വാര്‍ത്ത പുറത്തുവന്നതോടെ റിലയന്‍സ് പവര്‍ ഓഹരികള്‍ 3.41% ഉയര്‍ന്ന് 46 രൂപയിലെത്തി.. കഴിഞ്ഞയാഴ്ച പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് റിലയന്‍സ് പവറിന് നല്‍കിയ നിരോധന നോട്ടീസ് പിന്‍വലിച്ചതും കമ്പനിക്ക് അനുകൂലമായി. ഇതോടെ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍റെ ഭാവി ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ കഴിയും. 'വ്യാജ രേഖകള്‍' സമര്‍പ്പിച്ചുവെന്നാരോപിച്ച് റിലയന്‍സ് പവര്‍ ലിമിറ്റഡിനെയും റിലയന്‍സ് എന്‍ യു ബിഇഎസ്എസ് ലിമിറ്റഡിനെയും അതിന്‍റെ ഏതെങ്കിലും ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നവംബര്‍ 6 ന്, പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ നടപ്പാക്കല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന എസ്ഇസിഐ വിലക്കുകയായിരുന്നു

റിലയന്‍സ് പവര്‍ ഓഹരി വില

റിലയന്‍സ് പവറിന്‍റെ ഓഹരി വിലയില്‍ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 14 ശതമാനത്തിലധികവും മൂന്ന് മാസത്തിനുള്ളില്‍ 47 ശതമാനത്തിലേറെയും ഓഹരി വില ഉയര്‍ന്നു. ആറ് മാസത്തിനുള്ളില്‍ 80 ശതമാനത്തിലധികം ഉയരുകയും 85 ശതമാനത്തിലധികം വാര്‍ഷിക വരുമാനം നേടുകയും ചെയ്തിട്ടുണ്ട്. റിലയന്‍സ് പവറിന് നിലവില്‍ 5900 മെഗാവാട്ട് പ്രവര്‍ത്തന ശേഷിയുണ്ട്, ഇതില്‍ 3960 മെഗാവാട്ട് സാസന്‍ അള്‍ട്രാ മെഗാ പവര്‍ പ്രോജക്ടും (യുഎംപിപി) ഉത്തര്‍പ്രദേശിലെ 1200 മെഗാവാട്ട് റോസ തെര്‍മല്‍ പവര്‍ പ്ലാന്‍റും ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത കല്‍ക്കരി അധിഷ്ഠിത ഊര്‍ജ പ്ലാന്‍റുകളില്‍ ഒന്നാണ് സാസന്‍ യുഎംപിപി.

നിയമപ്രകാരമുള്ളڔമുന്നറിയിപ്പ്: ഓഹരി വിപണി നിക്ഷേപം ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്, നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി ശ്രദ്ധാപൂര്‍വ്വം വായിക്കുക.

Tags:    

Similar News