സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ; ദമ്മാം അൽ ഫഖ്രിയയിൽ പുതിയ ലുലു തുറന്നു
സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ദമ്മാം അൽ ഫഖ്രിയയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദിയിലെ ലുലുവിന്റെ 57ആമത്തെ സ്റ്റോറാണ് അൽ ഫഖ്രിയയിലേത്. ഖുതുബ് അൽ ദിൻ അൽ ഷാഫി സ്ട്രീറ്റിലുള്ള പുതിയ ലുലു നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകൾക്ക് നൽകുക.
വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിൻ അലി അൽ അസ്മരി അൽ ഫഖ്രിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ഈസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡെയറക്ടർ മോയിസ് നൂറുദ്ദീൻ, ഈസ്റ്റേൺ പ്രൊവിൻസ് എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് ബഷൈത്, ഈസ്റ്റേൺ പ്രൊവിൻസ് അഡ്മിനിസ്ട്രേഷൻ മാനേജർ സായിദ് അൽസുബൈ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
20,000 സ്ക്വയർ ഫീറ്റിലുള്ള പുതിയ ലുലു ഹൈപ്പർമാക്കറ്റ്, പ്രദേശവാസികളുടെയും പ്രവാസികളുടെയും ടൂറിസ്റ്റുകളുടെയും മികച്ച ഷോപ്പിങ്ങ് കേന്ദ്രമാകും. ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, ഹോം അപ്ലെയ്ൻസ്, മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. കൂടാതെ ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രൊഡ്ക്ടുകൾക്ക് പ്രത്യേകം സെക്ഷനും ഒരുക്കിയിട്ടുണ്ട്. 181 വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് സൗകര്യമുണ്ട്. പ്രധാനപ്പെട്ട ബു-ഹദ്രിയ റോഡിനോട് ചേർന്നായതിനാൽ യാത്രക്കിടയിലെ ഇടവേളയിൽ എളുപ്പത്തിൽ ലുലു ഹൈപ്പർമാർക്കറ്റിലെത്തി ഷോപ്പ് ചെയ്യാനാകും.
മികച്ച ആഗോള ഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ഉറപ്പാക്കുക എന്ന ലുലുവിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ദമ്മാം അൽ ഫഖ്രിയയിലെ ഹൈപ്പർമാർക്കറ്റ്. പ്രദേശവാസികൾക്കും സന്ദർശകർക്കും ഗ്ലോബൽ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്നതാകും പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. സൗദി അറേബ്യയിൽ വിപുലമായ പ്രൊജക്ടുകളാണ് ലുലുവിനുള്ളതെന്നും സൗദി ഭരണനേതൃത്വം നൽകുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.
മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കാനുള്ള ദൗത്യത്തിലാണ് ലുലു. വിശുദ്ധനഗരങ്ങളായ മക്കയിലും മദീനയിലും രണ്ട് മാസത്തിനകം നാല് പുതിയ ലുലു സ്റ്റോറുകൾ തുറക്കും.
കഴിഞ്ഞ നവംബർ 14നാണ് അബുദാബി സെക്യൂരിറ്റീസ് എക്സചേഞ്ചിൽ ലുലു റീട്ടെയ്ൽ ലിസ്റ്റ് ചെയ്തത്. മികച്ച നിക്ഷേപ പങ്കാളിത്വത്തോടെ മിഡിൽ ഈസ്റ്റിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡും ലുലു സ്വന്തമാക്കിയിരുന്നു. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെയാണ് ലുലു റീട്ടെയ്ലിലെ നിക്ഷേപകർ.