"ചെങ്കോട്ടയിലേത് മോദിയുടെ വിടവാങ്ങൽ പ്രസംഗം": പരിഹസിച്ച് ആം ആദ്‌മി
സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെ നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ചെങ്കോട്ടയിൽ നടത്തിയത് മോദിയുടെ വിടവാങ്ങൽ പ്രസംഗമായിരുന്നുവെന്ന് ആം ആദ്മി പാർട്ടി പരിഹസിച്ചു. അടുത്ത തവണ ചെങ്കോട്ടയിലിരുന്ന് മോദി മറ്റൊരു പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമെന്നും ആം ആദ്മി പറഞ്ഞു. രാജ്യത്തെ വികസനങ്ങൾ 9 വർഷം കൊണ്ട് സംഭവിച്ചതാണെന്നു ചിലർ തെറ്റിദ്ധരിക്കുന്നതായി മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. അടുത്ത വർഷം മോദി പതാക ഉയർത്തുന്നത് സ്വന്തം വസതിയിലായിരിക്കുമെന്നും ഖാർഗെ പരിഹസിച്ചു. ചെങ്കോട്ടയില് നടന്ന ചടങ്ങ് ബഹിഷ്‌കരിച്ച് എതിർപ്പ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തിയാണ് മല്ലികാർജുൻ ഖാർഗെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായത്.
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാന മന്ത്രിക്ക് മല്ലികാർജുൻ ഖാർഗെ തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മറുപടി നൽകി. രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും 9 വർഷം കൊണ്ട് സംഭവിച്ചതാണ് എന്ന് ചിലർ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് പറഞ്ഞ ഖാർഗെ മുൻ പ്രധാന മന്ത്രിമാർ നൽകിയ സംഭാവനകൾ അക്കമിട്ട് നിരത്തി. പാർലമെന്റിനു അകത്തും പുറത്തും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഹിന്ദു രാഷ്ട്ര ചിന്തകള് രാജ്യത്ത് ഉണ്ടെന്ന് ഡൽഹി എകെജി ഭവനിൽ പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമിപ്പിച്ചു. രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തിലെ സന്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. അടുത്ത വർഷവും ചെങ്കോട്ടയിൽ താൻ പതാക ഉയർത്തുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിന് കുടുംബവാഴ്ചയിൽ നിന്ന് മോചനം ആവശ്യമാണെന്നും മോദി പറഞ്ഞു. ഇതിനെതിരെയാണ് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്.