പോലീസിനു എട്ടിന്റെ പണികൊടുത്ത് കുടിയന്മാർ...; നശിപ്പിക്കാൻ ശ്രമിച്ച 50 ലക്ഷത്തിന്റെ മദ്യം കവർന്ന് ആൾക്കൂട്ടം
കുടിന്മാർ പോലീസിനു കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണു അതിവിചിത്രമായ സംഭവം അരങ്ങേറിയത്. പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്.
ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായെത്തി കവർന്നത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂർ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാർഡിൽ പോലീസ് നശിപ്പിച്ച് കളയാൻ ശ്രമിച്ചത്. 24,000 മദ്യകുപ്പികളുണ്ടായിരുന്നു. ബുൾഡോസർ ഉപയോഗിച്ച് മദ്യം നശിപ്പിക്കാനായിരുന്നു പോലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അതിനു മുൻപേ ആളുകൾ കൂട്ടമായെത്തി മദ്യക്കുപ്പികൾ കവരുകയായിരുന്നു.
മദ്യ കുപ്പികൾ നിരത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ ആളുകൾ എത്തുകയായിരുന്നു. ചിലർ ഒരു ബോട്ടിലും കൊണ്ട് ഓടിയപ്പോൾ മറ്റു ചിലർ രണ്ടും മൂന്നും ബോട്ടിലുകളാണ് കവർന്നത്. പോലീസുകാർക്ക് ചിലരെ തടയാൻ കഴിഞ്ഞെങ്കിലും മദ്യക്കുപ്പികളുമായി ധാരാളം പേർ കടന്നു കളഞ്ഞു. ഇതിനിടെ പോലീസും കുടിയന്മാരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും പോലീസുകാർക്കു ദേഹോദ്രപം ഏൽക്കുകയും ചെയ്തു. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.