സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമം; തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈക്കെതിരെ കേസെടുത്തു
തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. ധർമപുരിയിലെ കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ അണ്ണാമലൈക്കെതിരെ ചുമത്തിയിട്ടുണ്ട്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. 153 (എ) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ് കേസ്.
എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ യുവാക്കൾ എതിർക്കുകയായിരുന്നു. മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ എതിർത്തത്. പതിനായിരം പേരെ കൂട്ടി ധർണ നടത്തിയാൽ എന്ത് ചെയ്യുമെന്ന് അണ്ണാമലൈ തിരിച്ച് ചോദിച്ചു. തുടർന്ന് പൊലീസ് ഇടപെട്ടാണ് യുവാക്കളെ മാറ്റിയത് . അതിനുശേഷം അണ്ണാമലൈ പള്ളിക്കുള്ളിൽ കയറി പ്രാർത്ഥിച്ചു.