മോട്ടോർ വാഹനവകുപ്പിന്റെ "ഹാപ്പി ന്യൂ ഇയർ'.!! സ്കൂട്ടറിന്റെ വില 90,000; പിഴ ചുമത്തിയത് 3.22 ലക്ഷം
ഏകദേശം 90,000 രൂപ വിലയുള്ള സ്കൂട്ടറിന് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത് 3.22 ലക്ഷം രൂപ. ബംഗളൂരുവിലാണ് സംഭവം. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണത്രെ ലക്ഷങ്ങളുടെ പിഴ. ഒരു സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടർ ഓടിക്കുന്നത് യുവാവാണ്. 643 ട്രാഫിക് നിയമലംഘന ചലാനുകളാണ് അവർക്കു ലഭിച്ചത്. നോട്ടീസ് കണ്ട യുവതിയും യുവാവും തലയിൽ കൈവച്ചുപോയി.
ബംഗളൂരു നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകളാണ് യുവാവിന്റെ ഗതാഗതനിയമലംഘനം കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തത്. ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിക്കാത്ത കുറ്റത്തിനാണ് ഏറ്റവും കൂടുതൽ നോട്ടീസ് കിട്ടിയത്. ട്രാഫിക് ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളിൽ, ആർടി നഗർ ഏരിയയിൽ ഒരാൾ ഹെൽമെറ്റ് ധരിക്കാതെ ഒന്നിലധികം തവണ ബൈക്ക് ഓടിക്കുന്നതും കാണാം. സിറ്റി പോലീസ് ട്രാഫിക് നിയമലംഘനങ്ങൾ എഐ ക്യാമറ ഉപയോഗിച്ചാണ് കണ്ടെത്തുന്നത്.
കഴിഞ്ഞവർഷം എഐ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തിയ 1.04 കോടി ലംഘന കേസുകളിൽ 96.2 ലക്ഷത്തിലധികം കേസുകളും ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തട്ടുണ്ട്. ബംഗളൂരുവിലെ 50 പ്രധാന ജംഗ്ഷനുകളിൽ 250 എഐ ക്യാമറകളാണു സ്ഥാപിച്ചിട്ടുണ്ട്.