ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി; കാറിൽനിന്നിറങ്ങി, റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ
ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. കൊല്ലം നിലമേലിലാണ് സംഭവം. 50ൽ അധികം പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി.
റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍.
സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് വീഴ്ച സംഭവിക്കുന്നുവെന്നും പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അതേസമയം, പ്രതിഷേധക്കാരെ മുഴുവന്‍ പോലീസുകാര്‍ സംഭവസ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്.
സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ കയര്‍ക്കുകയായിരുന്നു.