പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം
കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്. മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ശരത് ലാലിനെതിരായ കേസ്. ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ശരത് ലാലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നേരത്തെ നീട്ടിവെച്ചിരുന്നു. തുടര്‍ന്ന് ഇന്ന് അപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുഖ്യപ്രതിയായ രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.