ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു,അതിജീവനത്തിന് ഊർജ്ജം പകരുന്നതാവണം സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിൻറേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും ജാതിയേയും വർഗീയതയേയും ചിലർ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രദേശങ്ങൾക്കും ഭരണനിർവഹണത്തിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേൽ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വാതന്ത്യ്രദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
'വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിൻറേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണ്. എന്നാൽ വിഷമിച്ചിരുന്നാൽ മതിയാവില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രാവബോധത്തിൽ കോട്ടമുണ്ടാവുന്നു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു. ജാതിയേയും വർഗ്ഗീയതയേയും ചിലർ ആയുധമാക്കുന്നു.
എല്ലാ പ്രദേശങ്ങൾക്കും ഭരണനിർവഹണത്തിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണം. വിഭവങ്ങളുടെ മേൽ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാൻ കഴിയില്ല. ഇത് ഉറപ്പുവരുത്തിയാൽ മാത്രമേ ജനാധിപത്യത്തെ പൂർണ്ണതോതിൽ അർത്ഥവത്താക്കാൻ കഴിയൂ. പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല. കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുക. വിവിധ മേഖലകളിൽ രാജ്യത്തിൻറെ മുൻപന്തിയിലാണ് കേരളം. വർഗീയ സംഘർഷം ഇല്ലാത്ത നാടാണ് കേരളം.'