കേരള സർവകലാശാല കലോത്സവത്തിലെ സംഘർഷം; എസ്എഫ്ഐ - കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസ്
കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ - കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്.
എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥത്തില്‍ കലാശിച്ചത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.ഇരു കൂട്ടരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതോടെ മത്സരങ്ങളും തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തി.