ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏഴു പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരില്‍ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ വിചാരണ കോടതി നേരത്തെ വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിനായി ഈ പ്രതികളെ ഈ മാസം 15 ന് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പൊലീസ് ലുക്ക് പ്രതികള്‍ക്കായി ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്.