ഗാസയിൽ ചികിത്സ നൽകാൻ യുഎഇയുടെ ഫേ്‌ലാട്ടിങ് ആശുപത്രി; 100ലധികം കിടക്കകൾ

Update: 2024-02-09 09:49 GMT

ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസ നിവാസികളെ ചികിത്സിക്കുന്നതിനായി കൂറ്റൻ കപ്പലിൽ ഒരുക്കിയ ആശുപത്രി (ഫ്‌ലോട്ടിങ് ഹോസ്പിറ്റൽ) യുഎഇയിൽ നിന്നും ഗാസയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. 100ലധികം കിടക്കകളാണ് ഫ്‌ലോട്ടിങ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്.

ഖലീഫ തുറമുഖത്തുനിന്ന് പുറപ്പെടുന്ന കപ്പൽ ഉടൻ ഈജിപ്തിലെ അൽ അരിഷ് നഗരത്തിൽ നങ്കൂരമിടും. 100ലധികം മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റിവ് ജീവനക്കാർ, തീവ്രപരിചരണ വിഭാഗങ്ങൾ, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവ ഉൾപ്പെടെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള കപ്പലിൽ അടിയന്തര ഘട്ടത്തിൽ രോഗികളെ എത്തിക്കാനുള്ള വിമാനം, പ്രത്യേക ബോട്ടുകൾ, ഓക്‌സിജൻ ഉൾപ്പെടെ സൗകര്യങ്ങളുള്ള ആംബുലൻസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. അനസ്‌തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, നഴ്‌സിങ്, എമർജൻസി കെയർ എന്നിവ ഉൾപ്പെടെ മെഡിക്കൽ ടീമും സജ്ജമാണ്. അബൂദബി ഡിപ്പാർട്‌മെൻറ് ഓഫ് ഹെൽത്ത്, അബൂദബി പോർട്ട് ഗ്രൂപ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കപ്പൽ നിർമിച്ചിരിക്കുന്നത്. ഗാസ നിവാസികൾക്ക് സഹായമെത്തിക്കാനായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച ഗാലൻറ് നൈറ്റ്-3 സംരംഭത്തിൻറെ തുടർച്ചയായാണ് ഫ്‌ലോട്ടിങ് കപ്പൽ അയക്കുന്നത്.

കഴിഞ്ഞ ഡിസംബറിൽ ഗാസ മുനമ്പിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി യു.എ.ഇ ഫീൽഡ് ആശുപത്രി നിർമിച്ചിരുന്നു. 150 കിടക്കകളുള്ള ആശുപത്രിയിൽ ഇതുവരെ 3,500 രോഗികൾക്ക് ചികിത്സ ലഭ്യമാക്കിക്കഴിഞ്ഞു. ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, എമിറേറ്റ്‌സ് റെഡ് ക്രസൻറ് എന്നിവയുടെ പിന്തുണയോടെയാണ് ഫീൽഡ് ആശുപത്രിയുടെ പ്രവർത്തനം. ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ഷെൽട്ടറുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ 4,500 ടൺ സഹായവും ശനിയാഴ്ച യു.എ.ഇ ഗാസയിലേക്ക് അയച്ചിരുന്നു. കൂടാതെ ഗാസയുടെ പുനരുദ്ധാരണത്തിന് 50 ലക്ഷം ഡോളറും പ്രസിഡൻറ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News