അമിതവേഗത്തിന്റെ പരിണതി കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുരുതര പ്രത്യാഘാതങ്ങള്‍ സമ്മാനിക്കുന്നതാണെന്ന് റാസൽഖൈമ പൊലീസ്. ഗതാഗത നിയമങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് സ്വന്തത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ തുടര്‍ജീവിതത്തിന് അനിവാര്യമാണെന്നും അധികൃതര്‍ ബോധവത്കരണ ക്യാമ്പയിനിൽ വ്യക്തമാക്കി. നിയമലംഘകര്‍ നേരിടേണ്ട ശിക്ഷാനടപടികൾ ഓര്‍മിപ്പിച്ചാണ് റാസൽഖൈമ പൊലീസിന്റെ ഗതാഗത ബോധവത്കരണ പ്രചാരണം പുരോഗമിക്കുന്നത്.
നിയമലംഘനങ്ങള്‍ക്ക് 300 മുതല്‍ 3000 ദിര്‍ഹം വരെ വ്യത്യസ്ത പിഴകളും വാഹനം പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ളതാണ് ശിക്ഷ. കുറഞ്ഞ വേഗം നിശ്ചയിച്ച സ്ഥലങ്ങളില്‍ പരിധിക്കു താഴെ വാഹനം ഓടിച്ചാലും പിഴയുണ്ട്.
വേഗം 20 കി.മീറ്റര്‍ വരെ കൂടുന്നതിന് 300 ദിര്‍ഹം, 30 കി. മീറ്ററില്‍ കൂടിയാൽ 600, 40 കി.മീറ്ററില്‍ കൂടിയാൽ 700, 50 കി.മീറ്റര്‍ വരെ 1,000, 60 കിലോമീറ്ററില്‍ കൂടുന്നതിന് 1,500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റുകളും 15 ദിവസം വാഹനം കണ്ടുകെട്ടലും, 60 കിലോമീറ്ററില്‍ കൂടുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും 30 ദിവസത്തെ കണ്ടുകെട്ടലും, 80 കിലോമീറ്ററില്‍ കൂടുകയാണെങ്കില്‍ 3,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തെ വാഹനം പിടിച്ചെടുക്കലും, വേഗപരിധിയില്‍ കുറഞ്ഞ് വാഹനം ഓടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയുമാണ് ശിക്ഷയെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.