2023 വേൾഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ടിലേക്ക് യോഗ്യത നേടി 12 ടീമുകൾ
ദുബായ് : 2023 വേൾഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട് ൽ 6 രാജ്യാന്തര കമ്പനികൾ ഉൾപ്പെടെ 12 ടീമുകൾയോഗ്യത നേടിയാതായി ദുബായ് ആർടിഎ അറിയിച്ചു .ആഗോളതലത്തിൽ വന്ന 27 എൻട്രികളിൽ നിന്നാണ് 12 ടീമുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. 2030ഓടെ ദുബായിലെ 25% വാഹനങ്ങളും ഡ്രൈവറില്ലാ സ്മാർട് വാഹനങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണിത്.
2030 ഓടെ പൊതുഗതാഗതത്തിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കും. ഇതുവഴി ഗതാഗതക്കുരുക്കു കുറയ്ക്കാനും പൊതുഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കാനും സാധിക്കുമെന്നാണ് ആർ ടി എ പ്രതീക്ഷിക്കുന്നത്. സെൽഫ് ഡ്രൈവിങ് ചാലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പൊതുഗതാഗത ഏജൻസി സിഇഒയും ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് സംഘാടക സമിതി ചെയർമാനുമായ അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു.
വിശ്വാസ്യത, വൈദഗ്ധ്യം, പ്രവർത്തന ക്ഷമത, നവീകരണത്തിന്റെ വ്യാപ്തി തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അന്തിമ പട്ടികയിലേക്ക് ടീമുകളെ തിരഞ്ഞെടുത്തതെന്നും പറഞ്ഞു. വിജയികളെ ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് 2023ൽ പ്രഖ്യാപിക്കും. ഇൻഡസ്ട്രി ലീഡേഴ്സ് വിഭാഗത്തിലെ ജേതാക്കൾക്ക് 10 ലക്ഷം ഡോളർ അതായത് 8.19 കോടി രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 7.5 ലക്ഷം ഡോളർ, ഏകദേശം 6.14 കോടി രൂപ. ലോക്കൽ അക്കാദമിയ വിഭാഗത്തിലെ വിജയിക്ക് 2 ലക്ഷം ഡോളറും (1.6 കോടി രൂപ) രണ്ടാം സ്ഥാനക്കാർക്ക് ഒരുലക്ഷം ഡോളറും (81.9 ലക്ഷം രൂപ) ലഭിക്കും.