യു എ ഇ : വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (ഡബ്ല്യു.ടി.ഒ) മന്ത്രിതല ഉച്ചകോടി അബുദാബിയിൽ നടക്കുമെന്ന് യു എ ഇ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. 2024 ഫെബ്രുവരിയിലായിരിക്കും ഉച്ചകോടി നടക്കുക. 164 രാജ്യങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുക്കും. ഇത് യു.എ.ഇക്ക് ലഭിക്കുന്ന ആദരവാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഡബ്ല്യു.ടി.ഒ രാജ്യങ്ങൾ തമ്മിലെ ക്രിയാത്മക സംഭാഷണം സുഗമമാക്കുന്നതിനും സുസ്ഥിര ഭാവിക്കായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചകോടിയെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ട്വീറ്റ് ചെയ്തു. ലോകത്തിന്റെ വിവിധ രാജ്യങ്ങൾക്കിടയിൽ ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ കൈമാറ്റം ഉറപ്പാക്കാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണക്കുന്നതായും ശൈഖ് മുഹമ്മദ് അറിയിച്ചു.