15 മിനിറ്റ് മാത്രം സമയദൈര്‍ഘ്യത്തില്‍ ദുബൈയില്‍ നിന്ന് റാസല്ഖൈമയിലെത്താന് കഴിയുന്ന ‘പറക്കും ടാക്സികള്‍’ അവതരിപ്പിക്കാന്‍ സ്കൈപോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറുമായി കരാറില്‍ ഒപ്പിട്ട് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (റാക്ട) റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും (റാക് ടി.ഡി.എ). റാസല്‍ഖൈമയിലെ പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് 2027 മുതല്‍ പറക്കും ടാക്സികളുടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റാക് ടി.ഡി.എ, റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട), സ്കൈപോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവര്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (എ.ടി.എം) രണ്ടാം ദിനത്തില്‍ ഇതുസംബന്ധിച്ച് ധാരണപത്രത്തില്‍ ഒപ്പിട്ട ശേഷം സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം.
കുറഞ്ഞ സമയത്തിനുള്ളില്‍ വിനോദ സഞ്ചാരികളെ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുകയെന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് എയര്ടാക്സികളെന്ന് റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. ഇത് ഗതാഗത മേഖലയുടെ ഭാവിയാണ്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് റാക് അല്‍ മര്‍ജാന്‍ ഐലന്റിലേക്ക് യാത്ര ദൈര്‍ഘ്യം 15-18 മിനിറ്റായി കുറയുന്നത് റാസല്‍ഖൈമക്ക് നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും റാക്കി ഫിലിപ്പ്സ് പറഞ്ഞു. കരാര്‍ പ്രകാരം റാസല്‍ഖൈമയിലെ ആദ്യത്തെ ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് (ഇ.വി.ടി.ഒ.എല്‍) എയര്‍ ടാക്സി ഇക്കോ സിസ്റ്റത്തിന്റെ രൂപകൽപനയും നിര്‍മാണ പ്രവൃത്തികള്‍ക്കും ഉടന്‍ തുടക്കമാകും.
റാക് വിമാനത്താവളം, അല്‍ മര്‍ജാന്‍ ഐലന്റ്, ജസീറ അല്‍ ഹംറ, ജബല്‍ ജെയ്സ് തുടങ്ങിയ നാല് സുപ്രധാന കേന്ദ്രങ്ങളിലാണ് വെര്ട്ടി പോര്‍ട്ടുകള്‍ നിര്‍മിക്കുക. റാക്ട, റാക് ടി.ഡി.എ, സ്കൈപോര്‍ട്സ് സംയുക്ത സഹകരണത്തിലാകും ഇ.വി.ടി.ഒ.എല്‍ ഒരുങ്ങുക. മര്‍ജാന്‍ ദ്വീപില്‍ ഒരു കോഫി കുടിച്ച് 20 മിനിറ്റിനുള്ളില്‍ ജബല്‍ ജെയ്സിലെത്തി മറ്റൊരു കാപ്പി കുടിക്കുകയും ചെയ്യുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് സ്കൈപോര്‍ട്സ് റീജനല്‍ മാനേജര്‍ ഡാനിയല്‍ നീല്‍ അഭിപ്രായപ്പെട്ടു. എയര്‍ ടാക്സി പദ്ധതിക്ക് മുന്‍കൈയെടുത്ത റാക് സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഗതാഗത ശൃംഖലകളുമായി സംയോജിപ്പിച്ചാണ് സ്കൈപോര്ട്ടുകളുടെ പ്രവര്‍ത്തനമെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന് അല്‍ ബലൂഷി പറഞ്ഞു. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രയാണ് ഞങ്ങളുടെ വാഗ്ദാനം. സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഇസ്മായില്‍ ഹസന് അഭിപ്രായപ്പെട്ടു.