ഇൻസ്റ്റാഗ്രാം വഴി സ്വകാര്യ ആശുപത്രിക്കെതിരെ പോസ്റ്റ് ; യുവതിക്ക് 5000 ദിർഹം പിഴ
ദുബായ് : ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ദുബായിയിലെ സ്വകാര്യ ആശുപത്രിയെ അവഹേളിച്ച ഗൾഫ് സ്വദേശിനിക്ക് 5000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. മോശപ്പെട്ട ഭാഷയിൽ ആശുപത്രിയെ അവഹേളിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്നും പിൻവലിക്കണമെന്നും കോടതി യുവതിയോട് പറഞ്ഞു.
മാതാവിനെ ആശുപത്രിയിൽ അഡ്മിറ്റാക്കിയതിനെത്തുടർന്ന് ആശുപത്രിക്കാരോട് ഉണ്ടായ അസംതൃപ്തിയിൽ യുവതി ആശുപത്രിക്കെതിരെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രസ്തുത സ്വകാര്യ ആശുപത്രിയിൽ നിന്നും മോശം അനുഭവം നേരിട്ടവർ വോട്ട് ചെയ്യുക എന്ന് തന്റെ ഫോളോവേർസിനോട് പറഞ്ഞുകൊണ്ടായിരുന്നു യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. യുവതിയുടെ അമ്മയുടെ ശരീരത്തിൽ നിന്നും രക്സ്ത സാംപിൾ കൊണ്ടുപോയതിനെത്തുടർന്ന് ശരീരത്തിൽ നിറവ്യത്യാസം അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു യുവതി പ്രകോപിതയായത്. സംഭവത്തിൽ ആശുപത്രി പരാതി കൊടുക്കുകയായിരുന്നു.
കുത്തിവെപ്പിനെത്തുടർന്ന് നിറവ്യത്യാസം ഉണ്ടാകുന്നത് സാധാരണമാണെന്നും ഇത് തങ്ങളുടെ കുറ്റമല്ലെന്നും ഓരോ വ്യക്തികളുടെയും ചർമ്മത്തിന്റെ പ്രത്യേകതയാണെന്നും പറഞ്ഞതിനെത്തുടർന്ന് യുവതി വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ തനിക്ക് ആശുപത്രിക്കെതിരെ നിരവധി ആളുകളുടെ സപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ നിയമപരമായി മുൻപോട്ട് പോകുമെന്നും യുവതി അറിയിച്ചു.