തൊഴിൽ ഇല്ലായ്‌മ ഇൻഷുറൻസിന്റെ ഭാഗമാകാത്തവർക്ക് 400 ദിർഹം പിഴ,കുടിശ്ശിക വരുത്തുന്നവർക്ക് 200 ദിർഹം പിഴ
ദുബായ് : ജനുവരി ഒന്ന് മുതൽ യു എ ഇ യിൽ നടപ്പിലാക്കുന്ന പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ഈടാക്കും. കമ്പനി പാപ്പരാവുകയോ നിർത്തലാക്കുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പദ്ധതിയാണ് പുതിയ തൊഴിൽ ഇൻഷുറൻസ്. ഇതിൽ ഭാഗമാകാത്തവർക്കാണ് പിഴയെന്ന് തൊഴിൽ പരാതി വകുപ്പ് തലവൻ ഡോ.അഹ്മദ് അൽഖാറ അറിയിച്ചു.
തവണകളായി ഇൻഷൂറൻസ് തുക നൽകുന്ന ജീവനക്കാർ 3 മാസത്തിലധികം തുക കുടിശികയാക്കിയാൽ 200 ദിർഹം അധികം നൽകേണ്ടി വരും. ജീവനക്കാർക്ക് ജോലി പോയാൽ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്. തൊഴിലാളിയുടെ പരിധിയിൽ പെടാത്ത കാര്യങ്ങളാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പ്രയോജനപ്പെടും.
സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് കമ്പനി പ്രതിസന്ധി നേരിടുമ്പോൾ സേവനാനുകൂല്യങ്ങളും മടക്കയാത്രാ വിമാന ടിക്കറ്റും ഉറപ്പാക്കാൻ ഇൻഷുറൻസിലൂടെ സാധിക്കും. സ്വകാര്യ മേഖലയിൽ മാത്രമല്ല ഫെഡറൽ സർക്കാർ ജീവനക്കാരെ ഉൾപ്പെടെ സ്വദേശി, വിദേശി ഭേദമില്ലാതെ എല്ലാവരെയും ഇൻഷുറൻസിന്റെ പരിധിയിലാക്കി. രാജ്യത്തെ 9 ദേശീയ ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം പുതിയ ഇൻഷുറൻസ് സംബന്ധിച്ച് ധാരണയായി. ഈ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ഇൻഷുറൻസ് പാക്കേജ് രേഖകൾ ജനുവരി മുതൽ നൽകും. 12 മാസത്തിനു ശേഷമാണ് ആനുകൂല്യങ്ങൾക്ക് അർഹത.
മന്ത്രാലയ വെബ് സൈറ്റ്, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ മൊബൈൽ ആപ്, രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളുടെ സ്മാർട് സംവിധാനം, മണി എക്സ്ചേഞ്ചുകൾ, സ്വയം സേവന സംവിധാനങ്ങൾ, ബിസിനസ് വെബ് സൈറ്റുകൾ, ഇത്തിസലാത്ത്, ഡൂ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമെ മന്ത്രാലയത്തിലേക്ക് മൊബൈൽ സന്ദേശം അയച്ചും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം. പ്രതിമാസം, മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെ തവണ വ്യവസ്ഥകൾ തിരഞ്ഞെടുക്കാൻ അപേക്ഷകർക്ക് സാധിക്കും.
ഇൻഷുറൻസ് രണ്ട് തരം
∙ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കുറവുള്ളവർക്ക് പ്രതിമാസ ഇൻഷുറൻസ് തുക 5 ദിർഹമാണ്. 60 ദിർഹം മാത്രമാണ് വാർഷിക നിരക്ക്.
∙ 16,000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ളവർക്ക് 10 ദിർഹം. വാർഷിക ഇൻഷുറൻസ് 120 ദിർഹം.
∙ മികച്ച വേതനമുള്ളവർക്ക് അവരുടെ സാമ്പത്തിക നിലയനുസരിച്ച് പദ്ധതിയുടെ ഭാഗമാകാം.
∙ ആദ്യ വിഭാഗത്തിനു അവരുടെ കാരണത്താലല്ലാതെ തൊഴിൽ നഷ്ടപ്പെട്ടാൽ 10,000 ദിർഹം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. രണ്ടാമത്തെ വിഭാഗത്തിന് 20,000 ദിർഹം ലഭിക്കും. തൊഴിലാളികൾക്ക് 12 തവണ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കും.
∙ പുതിയ തൊഴിൽ ലഭിക്കുന്നവർക്ക് ഇൻഷുറൻസ് ആനുകൂല്യം നഷ്ടപ്പെടില്ല. അതേസമയം, ജോലി രാജിവയ്ക്കുമ്പോൾ പരിരക്ഷ ലഭിക്കില്ല.
സംരംഭകർ, ഗാർഹിക വീസക്കാർ, താൽക്കാലിക കരാർ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവർ, 18 വയസ്സ് തികയാത്ത കൗമാര വീസക്കാർ, വിരമിച്ച ശേഷം തൊഴിലെടുക്കുന്ന പെൻഷൻകാർ, പ്രാദേശിക സർക്കാർ ജീവനക്കാർ എന്നീ വിഭാഗങ്ങളെ പുതിയ ഇൻഷുറൻസ് പദ്ധതിയിൽ നിന്നൊഴിവാക്കി. മറ്റുള്ളവർ 2023 ജനുവരി മുതൽ പുതിയ ഇൻഷുറൻസിന്റെ ഭാഗമാകണം