യു എ ഇ : ഏറ്റവും വേഗത്തിൽ യു എ ഇ യിലെ ജനങ്ങൾക്ക് പലവ്യഞ്‌ജനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പുമായി കരാർ ഒപ്പിട്ടതായി ആമസോൺ ഇന്ന് അറിയിച്ചു.വരും ആഴ്ചകളിൽ ആമസോണിൽ നിന്ന് ലുലുവിന്റെ സാധനങ്ങൾ ലഭ്യമായിത്തുടങ്ങും. തുടർന്ന് ഘട്ടം ഘട്ടമായായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ആമസോൺ വഴിലുലുവിന്റെ ഓൺലൈൻ സേവനം ലഭ്യമാക്കും. കുറഞ്ഞ സമയത്തിൽ സൗകര്യപ്രദമായ രീതിയിൽ യുഎഇയിലെ ഉപഭോക്താക്കൾക്കായി ശുദ്ധമായ പലവ്യഞ്‌ജനങ്ങൾ വിതരണം ചെയ്യുക എന്നതാണ് കരാറിന്റെ ലക്ഷ്യം. ഇരു കമ്പനികളും സംയുക്തമായി പ്രവർത്തിക്കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങളും, ഫ്രഷ് ഗ്രോസറി ഇനങ്ങളും ആമസോൺ വഴി ലഭ്യമാകും.ഉയർന്ന ഗുണനിലവാരമുള്ള സാധനങ്ങൾചുരുങ്ങിയ സമയത്തിൽ ലഭ്യമാക്കാനും സാധിക്കും.
ആമസോണിന്റെയും ലുലുവിന്റെയും കച്ചവട സാദ്ധ്യതകൾ വികസിപ്പിക്കാൻ ഈ കരാർ ഗുണം ചെയ്യുമെന്ന് അബുദാബി ഇക്കണോമിക് ഡിപ്പാർട്മെൻറ് ചെയർമാൻ എച് ഇ മുഹമ്മദ് അലി ഷോറാഫാ അഭിപ്രായപ്പെട്ടു. യു എ ഇ യിലെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായ ലുലു ഗ്രൂപ്പിനൊപ്പം ചേർന്ന് ബിസിനസ് ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും, ആളുകൾ ഈ സേവനം ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ആമസോൺ വൈസ് പ്രസിഡന്റ് റൊണാൾഡോ മൊച്ചാവർ പറഞ്ഞു.
ഉപഭോക്താക്കളെ ശ്രദ്ധിക്കുന്നതിലും അവരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഷോപ്പിംഗ് മുൻഗണനകൾക്ക് അനുസൃതമായി വളരാനുമാണ് ലുലു ഉദ്ദേശിക്കുന്നതെന്നും, ആമസോണിൽ ഷോപ്പിംഗ് നടത്തുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് വ്യാപാരം വികസിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീഷിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി അഭിപ്രായപ്പെട്ടു