പാസ്സ്പോട്ടിലെ ജെൻഡറിനെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പത്തിൽ ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂർ കുടുങ്ങി രഞ്ജു രഞ്ജിമാർ

Update: 2022-10-13 06:38 GMT


ദുബായ് : പാസ്സ്പോർട്ടിൽ സ്ത്രീ പുരുഷ രേഖപ്പെടത്തലുകളെച്ചൊല്ലിയുണ്ടായ ആശയകുഴപ്പത്തിൽ ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്രുമായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ 30 മണിക്കൂർ കുടുങ്ങി. ദുബായിലുള്ള തന്റെ ബ്യൂട്ടി കെയർ സ്ഥാപനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇവർ. പുതിയ പാസ്പോർട്ടിൽ സ്ത്രീ എന്നും പഴയതിൽ പുരുഷൻ എന്നും രേഖപ്പെടുത്തിയതാണ് വിമാനത്താവള ഉദ്യോഗസ്ഥരിൽ ആശയക്കുഴപ്പത്തിന് കാരണമായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി തവണ ഇവർ ദുബായിൽ വന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ഇല്ലാത്ത ആശയകുഴപ്പം എങ്ങനെ സംഭവിച്ചു എന്നറിയില്ലയെന്നും ഇവർ പ്രതികരിച്ചു. പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഡീപോർട്ട് നടത്താനായിരുന്നു ശ്രമമെന്നും ഒടുവിൽ അഭിഭാഷകരും ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരം ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായതെന്നും രഞ്ജു പറഞ്ഞു.

ആശയകുഴപ്പം ഉണ്ടായതിനെത്തുടർന്ന് തിരിച്ചു പോവാൻ തയ്യാറാവാതെ സുഹൃത്തുക്കളുടെ സഹായത്തോടെ വിമാനത്താവള അധികൃതരെ കാര്യം ധരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും പ്രശ്നത്തിൽ ഇടപെട്ടതോടെ ദുബായിൽ തുടരാൻ അനുവദിക്കുകയായിരുന്നു. എന്നാൽ ആശയക്കുഴപ്പത്തെത്തുടർന്ന് ഒരു രാത്രി മുഴുവൻ അവിടെ കഴിയെണ്ടി വന്നു. അടുത്ത ദിവസം രാവിലെയാണ് ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചത് . എന്നാൽ ഈ പ്രശ്‍നം മൂലം , ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് ദുബായിൽ വരുന്നതുമായി ബന്ധപ്പെട്ട നൂലാമാലകൾ ഒഴിവായെന്നും ഇതിനു വഴിയൊയൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രഞ്ജു രഞ്ജിമാർ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

Similar News