യുഎഇ : ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴെ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. ഷാര്‍ജയിലെ അല്‍ താവൂന്‍ എരിയയിലായിരുന്നു സംഭവം. ഏഷ്യക്കാരനായ പ്രവാസി ബാലനാണ് മരിച്ചത്. എന്നാല്‍ കുട്ടിയും മാതാപിതാക്കളും ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.
പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‍ത കേസ്, തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുട്ടിയുടെ മരണകാരണം കണ്ടെത്താനായി കുടുംബാഗംങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തു. കേസില്‍ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രിമിനല്‍ സ്വഭാവത്തിലുള്ള എന്തെങ്കിലും പ്രവൃത്തികളോ രക്ഷിതാക്കളില്‍ നിന്നുള്ള അശ്രദ്ധയോ അപകടത്തിന് കാരണമായതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഈ വര്‍ഷം ഇത്തരത്തിലുള്ള രണ്ടാമത്തെ അപകടമാണ് സംഭവിക്കുന്നതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. പത്ത് വയസുകാരനായ മറ്റൊരു പ്രവാസി ബാലന്‍ ഫെബ്രുവരിയില്‍ ബഹുനില കെട്ടടത്തിന്റെ 32-ാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ചിരുന്നു. ഷാര്‍ജ കിങ് ഫൈസല്‍ സ്‍ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്നു വീണായിരുന്നു അന്ന് അപകടം സംഭവിച്ചത്.