പാർക്കിങ്ങ് ചെയ്ത വാഹനങ്ങളിൽ ആളുണ്ടെങ്കിലും ഫീസുകൾ അടക്കണം

Update: 2022-11-17 10:33 GMT


യു എ ഇ : പാർക്കിങ്ങ്  ചെയ്ത വാഹനങ്ങളിൽ ആളുണ്ടെങ്കിലും പാർക്കിങ്ങ് ഫീസുകൾ നൽകേണ്ടി വരുമെന്ന് ഷാർജ മുൻസിപ്പാലിറ്റി സാമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു.വാഹനങ്ങൾ പാർക്ക് ചെയ്യുകയും, വാഹനങ്ങൾ ഓഫാക്കാതെ തന്നെ ഡ്രൈവറോ, മറ്റുള്ളവരോ വാഹനത്തിൽ ഇരിക്കുകയും പാർക്കിംഗ് ഫീസുകൾ നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടത്തിനെത്തുടർന്നാണ് ഷാർജ മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഷാർജ മുൻസിപ്പാലിറ്റി വെബ്‌സൈറ്റിൽ നലൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം പാർക്കിംഗ് ഫീസുകൾ നൽകിയില്ലെങ്കിൽ 150 ദിർഹം പിഴയടക്കേണ്ടി വരും. വാഹനമിടാൻ അനുവദിച്ചിരിക്കുന്ന സമയത്തിൽ കൂടുതൽ നേരം വാഹനം പാർക്കിങ്ങിൽ തുടർന്നാൽ 100 ദിർഹമാണ് പിഴയടക്കേണ്ടി വരിക. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് മറ്റുള്ള വാഹനങ്ങൾ പാർക്ക് ചെയുന്നത് ഗുരുതരമായ കുറ്റമാണ്. 1000 ദിർഹമാണ് ഇതിനായി പിഴയടക്കേണ്ടിവരിക.

നിലവിൽ 57000 പാർക്കിംഗ് സ്പേസുകളാണ് ഷാർജയിൽ ഉള്ളത്. തെറ്റായി പാർക്കുചെയ്യുകയോ, പാർക്കിംഗ് ഫീസിൽ പിഴവ് വരുത്തുകയോ ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളിൽ നിന്നും പിഴകൾ ഈടാക്കും. എല്ലാ പാർക്കിങ്ങുകളിലെയും, ലംഘനങ്ങൾ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരിക്കും. ഷാർജയിൽ ഒരു മണിക്കൂർ പെയ്ഡ് പാർക്കിങ്ങുകളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് രണ്ട് ദിർഹവും, രണ്ട് മണിക്കൂറിനു 5 ദിർഹവും, മൂന്ന് മണിക്കൂറിന് 8 ദിർഹം വീതവുമാണ്. ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ 8 മണി മുതൽ വൈകീട്ട് 10 മണി വരെ പാർക്കിംഗ് ഫീസുകൾ ബാധകമാണ്. എന്നാൽ അവധി ദിവസമായ വെള്ളിയാഴ്ച നീല സൈൻ ബോർഡുകൾ ഇല്ലാത്ത എല്ലാ പാർക്കിങ്ങുകളും സൗജന്യമായിരിക്കും.ഓർഡറുകൾ സ്വീകരിക്കാനായി വാഹനങ്ങൾ റോഡിൽ നിർത്തുന്നതും കുറ്റകരമാണ്. പലചരക്ക് സാധനങ്ങൾ, റെസ്റ്റോറന്റുകൾ അല്ലെങ്കിൽ മറ്റ് കടകളിൽ നിന്ന് ഓർഡറുകൾ ശേഖരിക്കാൻ വാഹനങ്ങൾ യാത്രക്കാർ റോഡിൽ നിർത്തുന്ന പ്രവണതക്കെതിരെ മുനിസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗതാഗതം തടസ്സപ്പെടുന്നതിനാൽ ഇത്തരം ഉപഭോക്താക്കൾക്ക് സേവനം നൽകരുതെന്ന് കടകളിലെ ജീവനക്കാരോട് അധികൃതർ നേരത്തെ പറഞ്ഞിട്ടുണ്ട്.

Similar News