നൂറുകണക്കിന് സ്വകാര്യ സുരക്ഷാ ഗാർഡുകൾക്ക് ട്രാഫിക് നിയന്ത്രണ പരിശീലനം നൽകി ദുബായ് പോലീസ്

Update: 2022-11-16 14:02 GMT


യു എ ഇ : നൂറുകണക്കിന് സ്വകാര്യ സുരക്ഷാ ഗാർഡുകൾക്ക് ട്രാഫിക് നിയന്ത്രണ പരിശീലനം നൽകി ദുബായ് പോലീസ്. 15 സ്വകാര്യ സുരക്ഷാ കമ്പനികൾക്കായി പോലീസ് ഈ വർഷം 16 പരിശീലന ശിൽപശാലകൾ സംഘടിപ്പിച്ചു. 300 സെക്യൂരിറ്റി ഗാർഡുകൾക്ക് ട്രാഫിക് സുരക്ഷാ നിയന്ത്രണങ്ങൾ സ്വായത്തമാക്കുവാൻ ഇതു വഴി സാധിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതിലും ചെറിയ ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിലും, ജോലിസ്ഥലത്ത് ട്രാഫിക് അവബോധം വളർത്തുന്നതിലും പോലീസുമായി സഹകരിക്കാൻ തയ്യാറായതിന് സുരക്ഷാ ഗാർഡുകളെ ദുബായ് പോലീസ് കമാന്റർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അൽ മറി ആദരിച്ചു.

കഴിഞ്ഞ വർഷം, 16 സ്വകാര്യ സുരക്ഷാ കമ്പനികൾക്കായി പോലീസ് 16 പരിശീലന സെഷനുകൾ സംഘടിപ്പിച്ചിരുന്നു. 466 ഓളം ഗാർഡുകൾക്ക് ഈ ശില്പശാലകൾ പ്രയോജനം ചെയ്തു. ട്രാഫിക് നിയന്ത്രിക്കുന്നതിൽ പോലീസുമായി സഹകരിച്ചതിന് ദുബായ് പോലീസ് ഗാർഡുകളെയും സുരക്ഷാ കമ്പനി ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു . സ്വകാര്യ സുരക്ഷാ ഗാർഡുകൾക്ക് ട്രാഫിക് നിയന്ത്രണ പരിശീലനം നൽകിയത് വഴി ദുബായിലെ വാണിജ്യ കേന്ദ്രങ്ങൾ, സ്‌കൂളുകൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ, ഇവന്റ് വേദികൾ എന്നിവിടങ്ങളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ സാധിച്ചു. അത്യാവശ്യ സന്ദർഭങ്ങൾ, ചെറിയ ട്രാഫിക് അപകടങ്ങൾ മുതലായവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലുള്ള ശില്പ ശാലകളാണ് സംഘടിപ്പിചു വരുന്നത്. 

Similar News