കാലാവസ്ഥാവ്യതിയാനം ; എയിം ഫോർ ക്ലൈമറ്റ്​ ഫണ്ട് ഇരട്ടിയാക്കി

Update: 2022-11-12 14:09 GMT

 

അബുദാബി : യു.എ.ഇ-യു.എസ്​ എയിം ഫോർ ക്ലൈമറ്റ് സംയുക്​ത ഫണ്ട്​ ഇരട്ടിയാക്കി.കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന രീതികൾ പ്രോത്സാഹിപ്പിക്കാനായി നടപ്പിലാക്കിയ എയിം ഫോർ ക്ലൈമറ്റ്​ എന്ന പദ്ധതിക്കായനുവദിച്ച തുകയാണ് ഇരട്ടപ്പിച്ചത്. കാർഷിക മേഖലയുടെ ഉന്നമനത്തിനായി കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിയിലേക്ക് ആദ്യഘട്ടത്തിൽ നാലു ശതകോടിയാണ് വകയിരുത്തിയത്. എന്നാൽ ഫണ്ട്​ എട്ടു ശതകോടി ഡോളറാക്കി വർധിപ്പിച്ചതായി ​ഐക്യരാഷ്ട്രസഭ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ ​ പ്രഖ്യാപിച്ചു ​. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനും അതിന്‍റെ പ്രത്യാഘാതങ്ങൾ തടയാനും ദാരിദ്ര്യം കുറക്കാനും സഹായിക്കുന്ന പദ്ധതികളിലേക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്​.

ചെറുകിട കർഷകർ, പ്രത്യേകിച്ച് സ്ത്രീകൾ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ കമ്യൂണിറ്റികൾ എന്നിവക്കാണ്​ ഫണ്ട്​ നൽകിവരുന്നത്​. ഇതിനകം 275 സർക്കാർ, സർക്കാറിതര പങ്കാളികൾക്ക്​ ഫണ്ടിലൂടെ സഹായം ലഭിച്ചിട്ടുണ്ട്​. ബിസിനസുകൾ, അക്കാദമിക്​ സ്ഥാപനങ്ങൾ, തിങ്ക്​താങ്ക്​ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഇതിലൂടെ സഹായം ലഭിച്ചിട്ടുണ്ട്​. യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ പദ്ധതി രൂപപ്പെടുത്തിയത്​. 90 ശതമാനം ഭക്ഷ്യോൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്​ യു.എ.ഇ. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ വിവിധ മേഖലകളിൽ നൂതനമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചുവരുന്നുണ്ട്​. വരണ്ട കാലാവസ്ഥയും കുറഞ്ഞ മഴയുമുള്ള രാജ്യമായതിനാൽ വെർട്ടിക്ൾ ഫാമുകളുടെയും മണ്ണുപയോഗിക്കാത്ത ഹൈഡ്രോപോണിക്‌സ്​ രീതിയുടെയും ഉപയോഗത്തിന്​ വലിയ പ്രോത്സാഹനമാണ്​ നൽകിവരുന്നത്​,.

Similar News