ഗോഡ്ഫാദർ എന്ന സിനിമയ്ക്കു മുന്‍പുതന്നെ കലാപ്രേമികൾക്കിടയിൽ താരമാണ് നാടകാചാര്യൻ എൻ.എൻ. പിള്ള. അദ്ദേഹത്തിന്റെ മകൻ വിജയരാഘവൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത് ആ കലാകുടുംബത്തെ സ്നേഹിക്കുന്നവർ ഏറ്റെടുത്തിരിക്കുകയാണ്.
സിദ്ധിഖും ലാലും നിര്‍ബന്ധിച്ചപ്പോഴാണ് ഗോഡ്ഫാദറില് അച്ഛൻ അഭിനയിച്ചത്. അതു കഴിഞ്ഞ് നാടോടിയിലും ഗോഡ്ഫാദറിന്റെ തെലുങ്കായ പെദ്ദരിക്കത്തിലും വേഷമിട്ടത് അടുത്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ്. എനിക്ക് മൂന്നുവയസുള്ളപ്പോഴാണ് അച്ഛന് ആദ്യമായി അഭിനയിക്കാന്‍ പോയത്. കോയമ്പത്തൂരിലെ പക്ഷിരാജ സ്റ്റുഡിയോയില്‍.
കോട്ടയത്തെ ആദ്യകാല നിര്‍മാതാവായ അഖിലേശ്വരയ്യര്‍ നിര്‍ബന്ധിച്ചപ്പോള്‍ അച്ഛനും കൂടെപ്പോയി. കോയമ്പത്തൂരിലെത്തിയ ദിവസം വൈകിട്ട് കാന്റീനില്‍ വച്ച് സിനിമയുടെ ഫിനാന്‍സ് കണ്ട്രോളറും അച്ഛനും തമ്മില്‍ എന്തോ കാര്യത്തിനു തര്‍ക്കിച്ചു. തമിഴനായ അയാള്‍ ദേഷ്യം കൊണ്ട് എഴുന്നേറ്റു. നീ മനിതനാ മാടാ എന്നു ചോദിച്ചതും അച്ഛന് ഒരൊറ്റയടി വച്ചുകൊടുത്തു. അയാള്‍ പിന്നോട്ടേക്കു മറിഞ്ഞു. പ്രൊഡക്ഷനിലെ ആളുകള്‍ അയാളെ എടുത്തുകൊണ്ടുപോയി. അയാള്‍ കോയമ്പത്തൂര്‍ ഭാഗത്ത് നല്ല സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ അവിടെ നില്‍ക്കേണ്ടെന്ന് അച്ഛനോടു ചിലര്‍ പറഞ്ഞു. എന്നാല്‍, അച്ഛനുണ്ടോ ഭയം.
വന്നാല്‍ ആദ്യം തല്ലുന്നവനെ കൊല്ലുമെന്നു പറഞ്ഞ് അച്ഛന് അരയില്‍ നിന്നു പിച്ചാത്തിയെടുത്തു കാണിച്ചുകൊടുത്തു. അക്കാലത്ത് എവിടെപ്പോയാലും അച്ഛന് പിച്ചാത്തി അരയില്‍ കരുതും. അന്ന് രാത്രി വരെ അച്ഛന് അവിടെയുണ്ടായിരുന്നു. പിന്നീട്, ആ സിനിമയില്‍ അഭിനയിക്കാതെ നാട്ടിലേക്കു തിരിച്ചുപോന്നു. അന്നു നിര്‍ത്തിയതാണ് അഭിനയം- വിജയരാഘവൻ പറഞ്ഞു.