എക്സിനെതിരെ അന്വേഷണം ആരംഭിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ

Update: 2023-12-19 07:42 GMT

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിനെതിരെ അന്വേഷണം ആരംഭിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ. തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധ ഉള്ളടക്കം, സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പടെ ഡിജിറ്റൽ സേവന നിയമത്തിന്റെ ലംഘനങ്ങൾ നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിൽ എക്സ് തെറ്റുകാരാണെന്ന് കണ്ടെത്തിയാൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം പിഴയോ യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്കോ നേരിടേണ്ടി വന്നേക്കാം.

തെറ്റിദ്ധരിപ്പിക്കും വിധമുള്ള രൂപകൽപനയെ കുറിച്ചുള്ള ആശങ്കകളും അന്വേഷണ വിധേയമാവും. പ്രത്യേകിച്ചും ബ്ലൂ ചെക്ക് മാർക്കിന്റെ ഉപയോഗവും പണം നൽകുന്നവർക്ക് മാത്രം അത് നൽകുന്നതും അന്വേഷണത്തിന് വിധേയമാവും. മസ്‌ക് വരുന്നതിന് മുമ്പ് മന്ത്രിമാർ, സെലിബ്രിട്ടികൾ, പ്രശസ്ത വ്യക്തികൾ എന്നിവർക്ക് മാത്രമാണ് വെരിഫൈഡ് അക്കൗണ്ടുകൾ നൽകാറുള്ളത്.

എക്‌സിൽ വ്യാജവാർത്തകളും വിദ്വേഷ പ്രസംഗങ്ങളും ഉണ്ടെന്ന് വിമർശനം ശക്തമാണ്. പ്രത്യേകിച്ചും ഒക്ടോബർ 7-ന് ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനും തുടർന്ന് ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിനും ശേഷം. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എക്സിലുണ്ടായ നിയമവിരുദ്ധ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ടും അവ കൈകാര്യം ചെയ്യുന്നതിൽ എക്സിന്റെ പ്രാപ്തി സംബന്ധിച്ചും അന്വേഷണം നടക്കും.

അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ അന്വേഷണം ചില ഇടക്കാല നടപടികൾക്ക് വഴിവെച്ചേക്കാം. . അടുത്ത യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യൽ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ മാർഗനിർദേശം നൽകുന്ന കാര്യം യൂറോപ്യൻ യൂണിയൻ പരിഗണിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗം, ആക്രമണ ആഹ്വാനം, ദോഷകരമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ ഓൺലൈനിൽ പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ളതാണ് ഡിജിറ്റൽ സേവന നിയമം.

Tags:    

Similar News