കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, നഗ്നത പ്രചരിപ്പിക്കൽ, ഭീകരവാദം; 1,84,241 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ് കോര്‍പ്പ്
2024 മാർച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ ഇന്ത്യയിലെ 1,84,241 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ് കോര്‍പ്പ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രൊഹത്സാഹിപ്പിക്കുക, അനുവാദമില്ലാതെ നഗ്നത പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ട അക്കൗണ്ടുകളാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് കോര്‍പ്പ് ബാൻ ചെയ്തവയിൽ ഭൂരിഭാഗവും. ഇതില്‍ 1303 എണ്ണമാകട്ടെ ഭീകരവാദം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളായിരുന്നു.
ഐടി നിയമം പാലിക്കുന്നതിന്റെ ഭാഗമായി എക്‌സ് ഈ വിവരങ്ങള്‍ നിശ്ചിത ഇടവേളയില്‍ പരസ്യപ്പെടുത്താറുണ്ട്. മാർച്ച് 26 മുതൽ ഏപ്രില്‍ 25 വരെയുള്ള കാലയളവിൽ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മിക്ക പരാതികളും അക്കൗണ്ടിന്റെ നിരോധനം ഒഴിവാക്കുന്നതിനായും, വിദ്വേഷകരമായ പെരുമാറ്റത്തെക്കുറച്ചും, സെന്‍സിറ്റീവായ അഡള്‍ട്ട് ഉള്ളടക്കത്തേക്കുറിച്ചും, ദുരുപയോഗം/പീഡനം എന്നിവയെക്കുറിച്ചുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലയളവിലും എക്‌സ് 2,12,627 അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. അതിൽ 1235 ഭീകരവാദ അക്കൗണ്ടുകളും ഉണ്ടായിരുന്നു.