ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍: ഇലോണ്‍ മസ്‌കിന് തിരിച്ചടി

Update: 2023-05-07 01:36 GMT

ട്വിറ്ററില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗങ്ങളിലൊന്നായാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്. പ്രതിമാസ നിരക്ക് നല്‍കി ഇതിന്റെ ഭാഗമാവുന്ന എല്ലാവര്‍ക്കും പേരിനൊപ്പം നീലനിറത്തിലുള്ള ചെക്ക്മാര്‍ക്കും അധിക സേവനങ്ങളും ലഭിക്കും.

മുമ്പ് പ്രശസ്തരായ വ്യക്തികളുടെ അക്കൗണ്ടുകളെ അവരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്നതായിരുന്നു നീല നിറത്തിലുള്ള ചെക്ക്മാര്‍ക്ക്. വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്ക് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

എന്തായാലും തുടക്കത്തില്‍ ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിനോട് താല്‍പര്യം കാണിച്ചിരുന്ന സാധാരണ ഉപഭോക്താക്കള്‍ കൂട്ടമായി സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് ഉപഭോക്താക്കളില്‍ 6,40,000 പേരെ മാത്രമേ ഈ പദ്ധതിയിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചുള്ളൂ.

പദ്ധതി പ്രഖ്യാപിച്ച് തുടക്കത്തില്‍ തന്നെ ട്വിറ്റര്‍ ബ്ലൂവിന്റെ ഭാഗമായ 1.5 ലക്ഷം വരിക്കാരില്‍ 68,157 സബ്‌സ്‌ക്രൈബര്‍മാര്‍ മാത്രമാണ് അത് തുടരുന്നതെന്ന് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ആദ്യ വരിക്കാരില്‍ 80,000-ല്‍ ഏറെ പേര്‍ പ്ലാനില്‍നിന്ന് പിന്‍മാറിയിട്ടുണ്ട്.

നീല നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ഉള്ള ട്വിറ്റര്‍ ബ്ലൂ വരിക്കാരില്‍ 2,91,183 പേര്‍ക്കും 1000-ല്‍ താഴെ മാത്രമാണ് ഫോളോവര്‍മാരുള്ളത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ 1,07,492 പേര്‍ക്ക് നൂറില്‍ താഴെ മാത്രമാണ് ഫോളോവര്‍മാരുള്ളത്. 3,352 ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് ഫോളോവര്‍മാര്‍ ആരുമില്ല.

അതേസമയം, ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് സൗജന്യമായി വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്ക് അക്കൗണ്ടുകളില്‍നിന്ന് ചെക്ക്മാര്‍ക്ക് നീക്കം ചെയ്യാനും അവരെയെല്ലാം പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമാക്കാനുമുള്ള നടപടിയില്‍ നിന്ന് കമ്പനി പിന്‍മാറിയിരുന്നു. പ്രശസ്തരായ പല വ്യക്തികളുടേയും അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് സൗജന്യമായി തന്നെ കമ്പനി നിലനിര്‍ത്തുകയും ചെയ്തു.

Tags:    

Similar News