ഇനി സ്റ്റിക്കറുകൾ തനിയെ തയ്യാറാക്കാം; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്ട്‌സ്ആപ്പ്
ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദ്യയിലൂടെ അതിവേഗം മുന്നേറുമ്പോൾ അതിനൊപ്പം ചേരുകയാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ഓൺലൈൻ ആശയവിനിമയങ്ങൾക്ക് കൂടുതൽ വ്യക്തതയും പുത്തൻ അനുഭവങ്ങളും സാദ്ധ്യമാക്കുന്ന തരത്തിലുളള അപ്‌ഡേഷനുകളാണ് മെറ്റ ഇപ്പോൾ കൊണ്ടുവരാൻ പോകുന്നത്. എഐ സാങ്കേതികവിദ്യയാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
ഇതോടെ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റിംഗ് അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലാമ 2 എന്ന സാങ്കേതികവിദ്യയും ഇമേജ് നിർമാണ മോഡലായ എമുവും ഉപയോഗിച്ച് എഐ ഫീച്ചറുകളുടെ സഹായത്തിൽ സെക്കന്റുകൾക്കുളളിൽ തന്നെ ഉപയോക്താക്കൾക്ക് ആവശ്യമായ സ്റ്റിക്കറുകൾ ലഭ്യമാകും. ഈ പുത്തൻ ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സ്റ്റിക്കർ സെക്കന്റുകൾക്കുളളിൽ തന്നെ ദൃശ്യമാകും. എത് സമയത്തും സ്റ്റിക്കറുകൾ ഉപയോക്താക്കൾക്ക് അനായാസം പങ്കുവയ്ക്കാനും സാധിക്കും. ഈ ഫീച്ചറുകൾ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഉളള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകുകയുളളൂ.ഉപയോക്താവ് നിർദ്ദേശിച്ചതനുസരിച്ചുളള സ്റ്റിക്കറുകൾ ലഭ്യമാകുന്നില്ലെങ്കിൽ റിപ്പോർട്ട് ചെയ്യാമെന്നും മെറ്റാ അധികൃതർ വ്യക്തമാക്കി.
സ്റ്റിക്കർ തയ്യാറാക്കാം
1. വാട്ട്‌സ്ആപ്പിൽ ഒരു സുഹൃത്തുമായുളള ചാറ്റ് തുറക്കുക
2. മോർ ഐക്കൺ (>) എടുക്കുക
3. ക്രിയേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ശേഷം കണ്ടിന്യൂ എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക.
4. തുറന്ന് വരുന്ന ഭാഗത്ത് നിങ്ങൾ ആഗ്രഹിക്കുന്ന സ്റ്റിക്കറിനെക്കുറിച്ചുളള ചെറിയ വിവരണം (ഇംഗ്ലീഷിൽ മാത്രം) നൽകുക.
5. നാല് സ്റ്റിക്കറുകൾ ദൃശ്യമാകും.
6. ഇഷ്ടമുളള സ്റ്റിക്കർ തിരഞ്ഞെടുത്ത് സെൻഡ് ഓപ്ഷൻ നൽകാം.