മസ്‌കിനെതിരെ കേസുമായി ട്വിറ്ററിലെ മുന്‍ മേധാവിയും ഉന്നത ഉദ്യേഗസ്ഥരും

Update: 2023-04-11 10:06 GMT

ട്വിറ്ററിലെ സിഇഒ ആയിരുന്ന പരാഗ് അഗ്രവാളിനേയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും പുറത്താക്കുക എന്നതായിരുന്നു ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ആദ്യം ചെയ്തത്. പിന്നാലെ കൂട്ടമായി അനവധി ജീവനക്കാരെയും പിരിച്ചുവിട്ടു.

ഇപ്പോഴിതാ മസ്‌കിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് പരാഗ് അഗ്രവാളും കമ്പനിയിലെ മുന്‍ ലീഗല്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും.

ചുമതലയിലുണ്ടായിരുന്ന കാലത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമെല്ലാം വേണ്ടി തങ്ങള്‍ക്ക് ചെലവായ തുക ട്വിറ്റര്‍ തിരികെ നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. 8.2 കോടിയിലധികം രൂപ തങ്ങള്‍ക്ക് ചെലവായിട്ടുണ്ടെന്നും നിയമപരമായി അത് തിരികെ നല്‍കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ട്വിറ്ററിനോട് പ്രതികരണം ചോദിച്ച വാര്‍ത്താ ഏജന്‍സി എഎഫ്പിയ്ക്ക് ട്വിറ്റര്‍ മറുപടിയായി അയച്ചത് Poop () ഇമോജിയാണ്.

യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍, ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ഏജന്‍സികളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് ചിലവായ തുകയും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് അവയെന്നും ഇപ്പോഴും നടക്കുന്നുണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല.

Similar News