5000 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഒരു സർജറി ചെയ്യാൻ പറ്റുമോ? പറ്റുമെന്നാണ് ചൈന തെളിയിച്ചിരിക്കുന്നത്. ഇതോടെ ആരോഗ്യരംഗത്ത് അതിശയിപ്പിക്കുന്ന ഒരു ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് ചൈന. ഗവേഷണത്തിന്റെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഷാംഗായിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാർ കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്. വിശദമായ ക്ലിനിക്കൽ റിസർച്ച് നടത്തിയും തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുപയോഗിച്ചുമാണ് സർജറി പൂർത്തിയാക്കിയത്. സർജറിക്ക് നേതൃത്വം വഹിച്ചത് ചീഫ് സർജനായ ഡോ. ലുവോ കിങ്ക്വാനാണ്.
തദ്ദേശീയമായി വികസിപ്പിച്ച ഈ സർജിക്കൽ റോബോട്ടിന്റെ സാധ്യതകൾ വിപുലമാണെന്നാണ് അദ്ദേഹം പറയ്യുന്നത്. വിദൂര സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമുള്ളവർക്ക് ഇത് സഹായകമാകും. ഇങ്ങനെയൊരു സർജറി ചൈനയിൽ മാത്രമല്ല, ഇങ്ങ് ഇന്ത്യയിലും നടന്നിട്ടുണ്ട്. ഇന്ത്യയിൽ അടുത്തിടെ റോബോട്ടിന്റെ സഹായത്തോടെ നടത്തിയ സർജറി നാൽപത് കി.മീ അകലെനിന്നാണ് ചെയ്തത്. രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്ററിലെ മെഡിക്കൽ ഡയറക്ടറായ ഡോ. എസ്.കെ റാവലാണ് ആ സർജറി ചെയ്തത്. അദ്ദേഹം ഗുഡ്ഗാവിലും അമ്പത്തിരണ്ടുകാരനായ രോഗി ഡൽഹിയിലെ രോഹിണിയിലുമായിരുന്നു.