പറക്കും തളികയില്‍നിന്ന് അടര്‍ന്നുവീണതോ?; പസഫിക് സമുദ്രത്തില്‍നിന്നു ലഭിച്ച വിചിത്രവസ്തു അന്യഗ്രഹജീവികളുടേത്, വിശദീകരണവുമായി ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന്‍

Update: 2023-09-01 08:54 GMT

ഒമ്പതു വർഷങ്ങൾക്കു മുമ്പ്, അതായത് 2014 ജൂണിൽ പാപ്പുവ ന്യൂ ഗിനിയ തീരത്തു പതിച്ച ലോഹഗോളം അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യയുടെ ഭാഗമാണെന്ന് ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ എവി ലോയ്ബ് അഭിപ്രായപ്പെടുന്നു. പഠനത്തിന്റെ അടിസ്ഥാനത്തിൽ പസഫിക് സമുദ്രത്തിൽ പതിച്ച വിചിത്രമായ ഉൽക്ക നമ്മുടെ സൗരയൂഥത്തിന് പുറത്തുനിന്നാണ് വന്നതെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ലോകം ഞെട്ടിയ വെളിപ്പെടുത്തലാണ് ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്. ഐഎം1 എന്നു പേരിട്ട ആ വിചിത്രവസ്തു അന്യഗ്രഹവിമാനത്തിന്റെ ഭാഗമാകാമെന്നും ഗവേഷകർ പറയുന്നു. ഉൽക്കയുടെ അവശിഷ്ടങ്ങൾ നമ്മുടെ സൗരയൂഥത്തിൽ നിലവിലുള്ള ഏതെങ്കിലും ലോഹസങ്കരങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ലോയ്ബ് പറഞ്ഞു. ഈ ഗോളങ്ങൾ കൃത്രിമമാണോ പ്രകൃതിദത്തമാണോ എന്ന് തന്റെ സംഘം കണ്ടെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു ചരിത്രപരമായ കണ്ടെത്തലാണ്. കാരണം, സൗരയൂഥത്തിനു പുറത്തുനിന്ന് ഭൂമിയിലെത്തിയ ഒരു വലിയ വസ്തുവിൽ മനുഷ്യൻ ആദ്യമായി സ്പർശിക്കുകയാണ്. ഈ വിചിത്രവസ്തു പറക്കും തളികയെന്ന് വിളിക്കപ്പെടുന്ന, അന്യഗ്രഹജീവികൾ ഉപയോഗിക്കുന്നുവെന്ന് സങ്കൽപ്പിക്കപ്പെടുന്ന ഗഗനസഞ്ചാരവാഹനത്തിന്റെ അവശിഷ്ടമാകാനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. 

2014 ജൂണിലാണ് പസഫിക് സമുദ്രത്തിൽ ആ അദ്ഭുതവസ്തു പതിച്ചത്. ലോയ്ബ്, ഹാർവാർഡ് ഗവേഷകനായ അമീർ സിറാജ് എന്നിവരാണ് ഉൽക്ക ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, പാപ്പുവ ന്യൂ ഗിനിയയ്ക്ക് സമീപം വിചിത്രവസ്തു പതിച്ച മേഖലയിൽ കൂടുതൽ അന്വേഷണത്തിനും പഠനത്തിനും ഗവേഷകർക്ക് യുഎസ് സൈന്യത്തിന്റെ സഹായം ലഭിക്കുകയുണ്ടായി.

ഉൽക്കയ്ക്ക് 460 കിലോഗ്രാം തൂക്കവും ഒരു മീറ്ററോളം വ്യാസമുണ്ടായിരുന്നു. ഗോളാകൃതിയിലുള്ള ഇരുമ്പിന്റെ 50 ചെറിയ ശകലങ്ങൾ ബെർക്ക്ലിയിലെ ഒരു ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇത് അസാധാരണമായ വസ്തുവാണെന്ന് ലാബിലെ ശാസ്ത്രജ്ഞർ പറഞ്ഞു. പ്രകൃതിദത്തമായ ഉൽക്കാശിലയെക്കാൾ ഈ വസ്തു വ്യത്യസ്തമാണെന്നും അവർ കണ്ടെത്തി. പ്രകൃതിദത്ത ഉൽക്കകളുടെ പ്രധാന ഘടകമാണ് ഇരുമ്പ്. അതുകൊണ്ട്, ഈ വസ്തു എങ്ങനെ നിർമിക്കപ്പെട്ടു എന്നതിൽ അസാധാരണമായ എന്തെങ്കിലും ഉണ്ടെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞർ വിശ്വസിച്ചു.

ഉൽക്കാശിലകളിൽ 95 ശതമാനമെങ്കിലും ഇരുമ്പ്-നിക്കൽ ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. തത്ഫലമായി, ഉൽക്കാശിലകളിലെ നിക്കലിന്റെ സാന്ദ്രത ഭൂമിയിലെ പാറകളേക്കാളും വളരെ കൂടുതലാണ്. സാധാരണ ഇരുമ്പ്-നിക്കൽ ഉൽക്കാശിലകളിൽനിന്നു വ്യത്യസ്തമായി ഐഎം-1ൽ നിക്കൽ ചെറിയ അളവിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ.

വിചിത്രവസ്തു പ്രകൃതിദത്തമോ, അതോ സാങ്കേതികവിദ്യയാൽ നിർമിക്കപ്പെട്ടതാണോ എന്നതാണ് അടിസ്ഥാന ചോദ്യം. ഈ ചോദ്യത്തിന് അതിന്റെ ഐസോടോപ്പിക് ഘടനയും റേഡിയോ ആക്ടീവ് ഡേറ്റിംഗും വിശകലനം ചെയ്യുന്നതിലൂടെ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോയ്ബ് പറഞ്ഞു.

Tags:    

Similar News