രത്തൻ ടാറ്റയെ വേദനിപ്പിച്ച ആ കാഴ്ച; നാനോയുടെ പിറവിക്ക് പിന്നിലെ കഥ ഇതാണ്
രത്തൻ ടാറ്റ കണ്ട ഒരുകാഴ്ചയിൽ നിന്നായിരുന്നു സാധാരണക്കാരുടെ കാർ സ്വപ്നങ്ങൾക്ക് വിപ്ലവമാറ്റം കൊണ്ടുവന്ന ടാറ്റ നാനോയുടെ പിറവിയ്ക്ക് കാരണമായത്. ആ കാഴ്ച മഴ നനയാതെ, വെയിലേൽക്കാതെ സാധാരണക്കാരെ യാത്ര ചെയ്യിച്ചു. സ്‌കൂട്ടറിൽ അച്ഛനും അമ്മയ്ക്കുമിടയിൽ അമരുന്ന കുഞ്ഞുങ്ങളുടെ മുഖം രത്തന്റെ യാത്രകളിൽ പതിവ് കാഴ്ചയായിരുന്നു. ആ ദുരിത യാത്ര രത്തന്റെ മനസിനെ സങ്കടപ്പെടുത്തി. സാധാരണക്കാരുടെ കണ്ണീരിന് വിലയേകിയിരുന്ന രത്തൻ അവർക്ക് ആശ്വാസമാകാൻ നാനോ എന്ന കുഞ്ഞൻ കാറിന് ജീവനേകി.
സാധാരണക്കാരന്റെ പോക്കറ്റ് ചോരാത്ത ഒരു ലക്ഷം രൂപയുടെ കാർ. നാനോയുടെ പിറവി സമയത്ത് താൻ കണ്ടിരുന്ന ആ സങ്കടക്കാഴ്ച രത്തൻ ടാറ്റ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. എ.സി, പവർ സ്റ്റിയറിംഗ്, അലോയി വീൽ തുടങ്ങിയ ഫീച്ചറുകളുടെ പെരുമഴയോടെയാണ് ആ കുഞ്ഞനെ ടാറ്റ നിരത്തിലിറക്കിയത്. 2008ലാണ് നാനോ അവതരിപ്പിച്ചത്. പെട്രോൾ, സി.എൻ.ജി ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകളുണ്ടായിരുന്നു. 22 കിലോമിറ്റർ വരെയായിരുന്നു മൈലേജ്.
ഏത് കാലാവസ്ഥയിലും ഏത്ര തകർന്ന റോഡുകളിലൂടെയും സാധാരണക്കാരുമായി നാനോ പാഞ്ഞു. ഒരു ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ച നാനോയ്ക്കുള്ള നിർമ്മാണ ചെലവ് പലപ്പോഴും വെല്ലുവിളിയായിരുന്നു. നഷ്ടത്തിലാണെന്നറിഞ്ഞിട്ടും വൈകാരിമായ കാരണങ്ങളാൽ നാനോ ഉത്പാദനം ടാറ്റ തുടർന്നു. ഒടുവിൽ 2018 അവസാനത്തോടെ നാനോയുടെ ഉത്പാദനം ടാറ്റ മോട്ടോഴ്‌സ് അവസാനിപ്പിച്ചു. ഇലക്ട്രിക് രൂപത്തിൽ നാനോ വീണ്ടും അവതരിക്കുമെന്ന് പറഞ്ഞു കേൾക്കുന്നു.