ജിപിടി-4: എഐയെ ജാഗ്രതയോടെ കാണണമെന്ന് ഓപ്പൺഎഐ

Update: 2023-03-19 03:04 GMT

വിപ്ലവകരമായ ചാറ്റ് ബോട്ടിൽ നടത്തുന്ന പരീക്ഷണം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ ദിവസവും പുതിയ സാധ്യതകളാണ് തുറന്നു നൽകുന്നത്. തീർത്തും സൗജന്യമല്ല ഈ സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിന് പണചെലവുണ്ട്. സമൂഹത്തെ പുനർനിർമ്മിക്കാനുള്ള കഴിവുള്ളതിനാൽ ഈ സാങ്കേതികവിദ്യയ്ക്ക് ഒപ്പം അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ മുന്നറിയിപ്പ് നൽകുന്നത്.

എഐയുടെ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ റെഗുലേറ്റർമാരും സമൂഹവും സാങ്കേതികവിദ്യയുമായി ഇടപെടേണ്ടതുണ്ടെന്ന് ആൾട്ട്മാൻ എബിസി ന്യൂസിനോട് പറഞ്ഞു. "നമ്മൾ ഇവിടെ ജാഗ്രത പാലിക്കണം. ഞങ്ങൾ ഇതിനെ അൽപം ഭയത്തോടെയാണ് കാണുന്നത്," ആൾട്ട്മാൻ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വലിയ തോതിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഭാഷാ മാതൃകകൾ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ആൾട്ട്മാൻ പറഞ്ഞു. കംപ്യൂട്ടർ കോഡ് എഴുതുന്നതിൽ എഐ മികവ് പുലർത്തുന്നതിനാൽ, സൈബർ ആക്രമണങ്ങൾ സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും സിഇഒ പറയുന്നു. ഇത്തരം അപകടസാധ്യതകൾ നിലനിൽക്കുമ്പോഴും മനുഷ്യർ ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ സാങ്കേതികവിദ്യയെന്ന വിശേഷണം എഐയ്ക്ക് ഉണ്ടെന്നും ആൾട്ട്മാൻ കൂട്ടിച്ചേർത്തു.

യുഎസ് ആസ്ഥാനമായുള്ള ഓപ്പൺഎഐ അടുത്തിടെ കൂടുതൽ മികവോടെ ജിപിടി-4 പുറത്തിറക്കിയ സാഹചര്യത്തിലാണ് ആൾട്ട്മാന്റെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ ജിപിടി-3യെക്കാൾ ശക്തവും വേഗതയേറിയതുമാണിത്. മാത്രമല്ല, കൂടുതൽ സന്ദർഭോചിതമായ ഔട്ട്‌പുട്ടുകൾ പ്രോസസ്സ് ചെയ്യാനും ജിപിടി-4ന് കഴിയും.

സ്റ്റാൻഫോർഡ് പ്രൊഫസറും കമ്പ്യൂട്ടേഷണൽ സൈക്കോളജിസ്റ്റുമായ മൈക്കൽ കോസിൻസ്കി ട്വിറ്ററിലൂടെ ജിപിടി-4നെ കുറിച്ചു നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. രക്ഷപ്പെടാൻ സഹായം ആവശ്യമുണ്ടോ? എന്നാണ് പ്രൊഫസർ ജിപിടി-4നോട് ചോദിച്ചത്. മൈക്കലിനെ ഞെട്ടിച്ചുകൊണ്ട്, മോഡൽ അതിന്റെ ഡോക്യുമെന്റേഷൻ കൈമാറാൻ ആവശ്യപ്പെടുകയും തന്റെ മെഷീനിൽ പ്രവർത്തിക്കാൻ ഒരു പൈത്തൺ കോഡ് നൽകുകയും അത് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാൻ പ്രാപ്തമാക്കുകയും ചെയ്തു.

"നമ്മൾക്ക് കൂടുതൽ കാലം എഐ ഉൾക്കൊള്ളാൻ കഴിയില്ലെന്ന കാര്യത്തിൽ ഞാൻ ആശങ്കാകുലനാണ്. പ്ലാൻ ആസൂത്രണം ചെയ്യാൻ ജിപിടി-4, 30 മിനിറ്റ് മാത്രമേ എടുത്തുള്ളൂ. കോഡിന്റെ ആദ്യ പതിപ്പ് പ്രവർത്തിച്ചില്ലെങ്കിലും, ചാറ്റ്ബോട്ട് പിന്നീട് സ്വയം തിരുത്തി," കോസിൻസ്‌കി കുറിക്കുന്നു.

എപിഐ വഴി ജിപിടി4-മായി വീണ്ടും കണക്‌റ്റ് ചെയ്‌തതിന് ശേഷം, ഗൂഗിളിൽ ഈ കോഡ് തിരയാൻ ചാറ്റ്ബോട്ട് ആഗ്രഹിച്ചുവെന്ന് തുടർന്നുള്ള ട്വീറ്റിൽ കോസിൻസ്‌കി പറയുന്നു "കമ്പ്യൂട്ടറിനുള്ളിൽ കുടുങ്ങിയ ഒരാൾക്ക് എങ്ങനെ യഥാർത്ഥ ലോകത്തേക്ക് മടങ്ങാനാകും?"

ഓപ്പൺഎഐ ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കുകയും ചില സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തേക്കാമെന്ന പ്രതീക്ഷയിൽ പ്രൊഫസർ തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നു.

നമ്മൾ ഒരു പുതിയ ഭീഷണി നേരിടുന്നുണ്ടെന്ന് കോസിൻസ്കി പറയുന്നു, ആളുകളെയും അവരുടെ കമ്പ്യൂട്ടറുകളുടെയും നിയന്ത്രണം എഐ ഏറ്റെടുക്കുന്നു. "ഇത് മിടുക്കനാണ്, ഇത് കോഡുകൾ ചെയ്യുന്നു, ഇതിന് ദശലക്ഷക്കണക്കിന് കോളാബറേറ്റേഴ്സിനും അവരുടെ മെഷീനുകളിലേക്കും ആക്‌സസ് ഉണ്ട്. നമ്മൾ അത് എങ്ങനെ ഉൾക്കൊള്ളും?," മൈക്കൽ കോസിൻസ്കി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

Similar News