വറുത്ത മുളകിന്റെ മണം ഔദ്യോഗിക സുഗന്ധമാക്കാനൊരുങ്ങി ന്യൂ മെക്സിക്കൻ സിറ്റി

Update: 2023-02-25 12:50 GMT

വറുത്ത മുളകിന്റെ മണം ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. മുളകുകൊണ്ടുള്ള വിവിധ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണു നമ്മളിൽ പലരും. പറഞ്ഞുവരുന്നതു മലയാളികളെക്കുറിച്ചല്ല. അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ചാണ്. വറുത്ത പച്ചമുളക് അവർക്കു ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്. അതിന്റെ മണം ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക സുഗന്ധമാക്കാൻ ഒരുങ്ങുകയാണ് ന്യൂ മെക്സിക്കോ ഭരണകൂടം.

രാജ്യങ്ങൾക്കു തങ്ങളുടേതായ ഔദ്യോഗികഭാഷ, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുണ്ട്. എന്നാൽ, ഔദ്യോഗിക സുഗന്ധം എന്നത് അത്ര സുപരിചിതമല്ല. എന്നാൽ, ന്യൂ മെക്സിക്കൻ സർക്കാർ വറുത്ത പച്ചമുളകിന്റെ മണം സംസ്ഥാനത്തിന്റെ ഔദ്യോഗിക സൗരഭ്യമാക്കാൻ ഒരുങ്ങുന്നു. ഔദ്യോഗിക സുഗന്ധമായി പ്രഖ്യാപിക്കാനുള്ള നടപടികൾ നിയമനിർമാണസഭയിൽ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റർ വില്യം സോൾസ് ആണ് ഇതുമായി ബന്ധപ്പെട്ട ബില്ല് നിർദ്ദേശിച്ചിരിക്കുന്നത്. ജൂൺ 16 മുതൽ ഔദ്യോഗികസൗരഭ്യമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും. തുടർന്ന്, ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ സംസ്ഥാന സുഗന്ധവും ഉൾപ്പെടും.

ഒരു സ്‌കൂൾ സന്ദർശനത്തിനിടെ, വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സെനറ്റൾ വില്യം സോൾസിനു വറുത്ത പച്ചമുളകിന്റെ മണം ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക സുഗന്ധമാക്കാനുള്ള ആലോചനയുണ്ടാകുന്നത്. ഔദ്യോഗികസൗരഭ്യം എന്ന ആശയം മനസിൽ വന്നപ്പോൾ മുതൽ വിവിധ ഗന്ധങ്ങളെക്കുറിച്ച് ചിന്തിച്ചെങ്കിലും വറുത്ത പച്ചമുളകിന്റെ മണത്തേക്കാൾ വ്യത്യസ്തമായി മറ്റൊരു മണവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സോൾസ്പറയുന്നു. ന്യൂ മെക്സിക്കോയിൽ എല്ലാ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണു പച്ചമുളക്. മാത്രമല്ല, സംസ്ഥാനത്തിന്റെ ഔദ്യോഗിക പച്ചക്കറികളുടെ പട്ടികയിലും പച്ചമുളക് താരം തന്നെയാണ്.

Similar News