ജീവന്റെ ഉദ്ഭവം തേടി നാസ; ചിന്നഗ്രഹം വെളിപ്പെടുത്തുമോ രഹസ്യം?

Update: 2023-09-27 10:48 GMT

വിദൂര ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച പാറയില്‍നിന്നും പൊടിയില്‍നിന്നും ജീവന്റെ ഉദ്ഭവം തേടുകയാണ് നാസ. ഞായറാഴ്ചയാണ് ചിന്നഗ്രഹത്തില്‍ നിന്നു ലഭിച്ച പാറയും പൊടിയും വഹിച്ചുള്ള ഒരു ക്യാപ്‌സ്യൂള്‍ പേടകം ഞായറാഴ്ച രാവിലെ പടിഞ്ഞാറന്‍ അമേരിക്കന്‍ പ്രവിശ്യയായ യൂറ്റയുടെ മണ്ണില്‍ ലാന്‍ഡ് ചെയ്തത്. സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാനും ഭൂമിയില്‍ ജീവന്റെ ഉദ്ഭവത്തിലേക്കു നയിച്ച ജൈവ തന്മാത്രകളെ മനസിലാക്കാനും ഇതുമായി ബന്ധപ്പെട്ട പഠനംകൊണ്ടു സാധിക്കുമെന്ന് ഗവേഷകര്‍. ചിന്നഗ്രഹത്തില്‍നിന്നു ശേഖരിച്ച പാറയും പൊടിമുള്‍പ്പെടെയുള്ള സാമ്പിള്‍ അമേരിക്കയിലെക്കു കൊണ്ടുപോയി.

'ബെന്നു' എന്നു പേരിട്ടിരിക്കുന്ന ചിന്നഗ്രഹത്തില്‍നിന്നു ലഭിച്ച പൊടിക്ക് ഭൂമിയേക്കാള്‍ പഴക്കമുള്ളതായി ഗവേഷകര്‍ പറയുന്നു. ഏറ്റവും സുപ്രധാനമായ വസ്തുത, ഛിന്നഗ്രഹങ്ങള്‍ നമ്മുടെ ഗ്രഹത്തിലേക്ക് ജൈവ സംയുക്തങ്ങള്‍ വഹിച്ചിട്ടുണ്ടോ എന്നതാണ്. അങ്ങനെയങ്കില്‍. അതുമായി ബന്ധപ്പെട്ട സൂചനകളും സാമ്പിളുകളില്‍ അടങ്ങിയിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

ശാസ്ത്രലോകത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്കു ബെന്നുവില്‍നിന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഫീല്‍ഡ് മ്യൂസിയത്തിലെ ഉല്‍ക്കാശില, ഭൗതിക ഭൗമശാസ്ത്ര ശേഖരണങ്ങളുടെ ക്യൂറേറ്ററായ ഫിലിപ്പ് ഹെക്ക് അഭിപ്രായപ്പെട്ടു.

2016 സെപ്റ്റംബര്‍ എട്ടിനാണ് നാസയുടെ OSIRIS-REx പേടകം ബെന്നുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അന്നു സൗരയൂഥത്തില്‍ അറിയപ്പെട്ടിരുന്ന 780,000 ഛിന്നഗ്രഹങ്ങളില്‍ ബെന്നുവിനെയാണ് പരീക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുത്തത്. കാരണം, അതിന്റെ അനുയോജ്യമായ വലിപ്പമായിരുന്നു. ചെറിയ ഛിന്നഗ്രഹങ്ങള്‍ വളരെ വേഗത്തില്‍ കറങ്ങുന്നു. മാത്രമല്ല ബഹിരാകാശപേടകം ശേഖരിക്കാന്‍ സാധ്യതയുള്ള വസ്തുക്കളെ വീശിയെറിയുകയും ചെയ്യുന്നു. കൂടാതെ, എംപയര്‍ സ്‌റ്റേറ്റ് ബില്‍ഡിംഗിന്റെ ഉയരത്തേക്കാള്‍ നീളമുള്ള വ്യാസമുള്ളതിനാല്‍, ബെന്നു ഒരു എളുപ്പലക്ഷ്യമായിരുന്നു.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ നിരവധി ഛിന്നഗ്രഹങ്ങളുണ്ട്. ബെന്നു സൂര്യനെ വലംവയ്ക്കുന്നത് ഭൂമിയോടടുത്താണ്. നാസയുടെ ബഹിരാകാശ പേടകത്തിന് ഛിന്നഗ്രഹത്തിലെത്താന്‍ രണ്ട് വര്‍ഷത്തിനിടെ 1.2 ബില്യണ്‍ മൈലുകള്‍ സഞ്ചരിക്കേണ്ടിവന്നു. 2018 ഡിസംബറിലാണ് OSIRIS-REx ബെന്നുവിനെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്.

പേടകമെടുത്ത ഛിന്നഗ്രഹത്തിന്റെ ആദ്യചിത്രങ്ങള്‍ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ക്കു ചിന്നഗ്രഹത്തിലെ ലാന്‍ഡിംഗ് വെല്ലുവിളി നിറഞ്ഞതായി. കാരണം മിനുസമാര്‍ന്നതും മണല്‍ നിറഞ്ഞതുമായ പ്രതലത്തിനുപകരം ബെന്നുവിന്റെ പ്രതലം കൂറ്റന്‍ പാറകള്‍ നിറഞ്ഞതായിരുന്നു. പാറകള്‍ ബഹിരാകാശത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പഠനത്തിനുശേഷം നാസയുടെ മിഷന്‍ ടീം സാമ്പിള്‍ ശേഖരിക്കാനുള്ള മികച്ച ഇടം തീര്‍ച്ചപ്പെടുത്തുകയും ഒടുവില്‍ 2019 ഡിസംബറില്‍ 'നൈറ്റിംഗേല്‍' എന്ന് വിളിക്കപ്പെടുന്ന സൈറ്റില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്യുകയുമായിരുന്നു.

സാമ്പിളുകളുടെ വിശദമായ പഠനത്തില്‍നിന്ന് ജീവന്റെയും ഗ്രഹങ്ങളുടെയും ഉദ്ഭവത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിമെന്നാണ് പ്രതീക്ഷയെന്ന് ശാസ്ത്രജ്ഞര്‍.

Tags:    

Similar News