എക്സ് പോയാ പോട്ടെ, ബ്ലൂസ്‌കൈയ്യിലേക്ക് ചേക്കേറി ഉപഭോക്താക്കള്‍

Update: 2024-09-05 10:20 GMT

എക്സ് ബ്രസീലിൽ നിരോധിച്ചതിന് പിന്നാലെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറുകയാണ് എക്‌സിന്റെ ഉപഭോക്താക്കള്‍. എക്സ് പോയതോടെ ലാഭമുണ്ടായിരിക്കുന്നത് മറ്റൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈയ്ക്കാണ്. ബ്ലൂസ്‌കൈയ്ക്ക് 20 ലക്ഷത്തിലേറെ ഉപഭോക്താക്കളെയാണ് ലഭിച്ചത്. അതില്‍ 85 ശതമാനവും ബ്രസീലിയന്‍ ഉപഭോക്താക്കളാണ്. ഉപഭോക്താക്കള്‍ ഈ ഇരച്ചുകേറ്റത്തേതുടർന്ന് ബ്ലൂസ്‌കൈ സേവനം ഇടക്ക് തടസപ്പെടുന്ന സ്ഥിതിവരെയുണ്ടായി.

എക്‌സിന് സമാനമായ മെറ്റയുടെ ത്രെഡ്‌സിനെ തഴഞ്ഞാണ് ബ്രസീലിയന്‍ ഉപഭോക്താക്കൾ ബ്ലൂസ്‌കൈയിലേക്ക് ചേക്കേറുന്നത്. ബ്ലൂസ്‌കൈ പ്ലാറ്റ്‌ഫോമിന്റെ വികേന്ദ്രീകൃത സ്വഭാവമാണ് അതിനുള്ള പ്രധാനകാരണം. ബ്രസീലിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എക്‌സിന്റെ നിരോധനത്തിന് കാരണമായത്. ബ്ലൂ സ്‌കൈയിലെ വികേന്ദ്രീകൃത ഘടന കാരണം ബ്ലൂസ്‌കൈ നിരോധിക്കപ്പെടാനും നിയന്ത്രിക്കപ്പെടാനും സാധ്യത കുറവാണ്. ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണവും ഉത്തരവാദിത്വവും നല്‍കിക്കൊണ്ടാണ് പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ബ്ലൂസ്‌കൈയില്‍ പങ്കുവെക്കപ്പെടുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം കമ്പനിക്ക് വരില്ല. മറിച്ച് ഉപഭോക്താക്കള്‍ക്കായിരിക്കും. ട്വിറ്ററിന്റെ സ്ഥാപകനായ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലാണ് 2019 ല്‍ ബ്ലൂസ്‌കൈ ആരംഭിച്ചത്.

വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യണമെന്നും രാജ്യത്ത് എക്‌സിന് ഒരു നിയമകാര്യ പ്രതിനിധി വേണമെന്നുമുള്ള ബ്രസീലിയന്‍ സുപ്രീം കോടതിയുടെ ആവശ്യം എക്‌സ് അംഗീകരിക്കാതിരുന്നതോടെയാണ് സുപ്രീം കോടതി എക്‌സിന് നിരോധനം പ്രഖ്യാപിച്ചത്.

Tags:    

Similar News