ടെക്കി ആളു കൊള്ളാമല്ലോ..! അടുപ്പില്ലാതെ ആലു പൊറോട്ട തയാറാക്കി 'ടെക്കിഷെഫ്'
അമ്മയുണ്ടാക്കുന്ന ഭക്ഷണം, അമ്മയുടെ കൈപ്പുണ്യം... എന്നൊക്കെ നമ്മൾ സാധാരണ പറയാറുണ്ട. ജോലിയുമായി ബന്ധപ്പെട്ടു ദൂരെ താമസിക്കുന്നവരാണെങ്കിൽ ഇങ്ങനെ പലതും നഷ്ടപ്പെടുത്തേണ്ടിവരും. എന്നാൽ, ഒരു ടെക്കിയുടെ പാചകമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. ആൾ ടെക്കിയായതുകൊണ്ട്, പുള്ളിക്കാരന് അടുക്കളയും അടുപ്പുമൊന്നും ആവശ്യമില്ല. അതൊന്നുമില്ലാതെ 'ടെക്കിഷെഫ്' കംപ്യൂട്ടർ സിപിയുവിൽ മിനി ആലു പൊറോട്ട തയാറാക്കി.
ആദ്യം മദർബോർഡിലെ ചൂടാക്കിയ പ്രോസസിംഗ് ചിപ്പിൽ എണ്ണ പുരട്ടി. ചിപ്പിൽ വേവുന്ന അളവിൽ മാവ് തയാറാക്കി. ശേഷം അതു സിപിയുവിലേക്ക് വേവാനായി വച്ചു. തുടർന്ന് ചവണകൊണ്ട് മറിച്ചിട്ടു. മിനിറ്റുകൾക്കുള്ളിൽ രുചികരമായ മിനി ആലു പൊറോട്ട റെഡി! റീലിനു ചുവടെ താൻ പാചക ആവശ്യങ്ങൾക്കായി കാലഹരണപ്പെട്ട സിപിയു ഉപയോഗിക്കാറുണ്ടെന്നും സിപിയു ഉപയോഗിച്ച് ആളുകൾ ഇതു പരീക്ഷിക്കരുതെന്നും 'ടെക്കിഷെഫ്' കുറിച്ചു.
വിചിത്രമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ 5.3 മില്യൺ ആളുകളാണു കണ്ടത്. സ്വിഗ്ഗി ഉൾപ്പെടെയുള്ള ഫുഡ് ഡെലിവറി കമ്പനികളും പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.