ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്തെത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. പേടകം ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചു. പേടകത്തിന്‍റെ എഞ്ചിൻ 217 സെക്കന്‍റ് ആവും പ്രവർത്തിപ്പിക്കുക. സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.
പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1-ലുള്ളത്.
നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും. ഇവ ഇന്ത്യ തദ്ദേശീയമായി നിർമിച്ചവയാണ്. അഞ്ച് വർഷമാണ് ദൗത്യത്തിന്റെ കാലയളവ്. 24 മണിക്കൂറും സൂര്യന്റെ ചിത്രം പേടകത്തിന് പകർത്താനാകും. ആദിത്യ ലക്ഷ്യസ്ഥാനത്തെത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പങ്കുവച്ചു. രാജ്യത്തിന്റെ മറ്റൊരു നാഴികകല്ലാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ കഠിന പ്രയ്തനത്തെ അഭിനന്ദിക്കുന്നു. ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ മൂന്ന് പേടകം സഞ്ചരിച്ചതിന്റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുമാണ് ഇതുവരെ സൗരദൗത്യങ്ങൾ നടത്തിയിട്ടുള്ളത്.
India creates yet another landmark. India’s first solar observatory Aditya-L1 reaches it’s destination. It is a testament to the relentless dedication of our scientists in realising among the most complex and intricate space missions. I join the nation in applauding this…
— Narendra Modi (@narendramodi) January 6, 2024