റീലുകളുടെ ദൈർഘ്യം കൂട്ടാനൊരുങ്ങി ഇൻസ്റ്റഗ്രാം

Update: 2023-09-05 13:00 GMT

റീലുകളുടെ സമയ ദൈർഘ്യം ഇൻസ്റ്റഗ്രാം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ടിക് ടോക്കിനോടും യൂട്യൂബിനോടും മത്സരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന. നിലവിൽ 90 സെക്കന്റ് വരെയുള്ള വീഡിയോകളാണ് റീലുകളായി പങ്കുവെക്കാൻ സാധിക്കുക. ഡെവലപ്പർ അലസ്സാൻഡ്രോ പാലൂസി എക്‌സിലൂടെ പങ്കുവെച്ച് സ്‌ക്രീൻഷോട്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തെത്തിയിരിക്കുന്നത്. എന്നാൽ കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ടിക്‌ടോക്ക് പോലെയുള്ള പ്ലാറ്റഫോമുകൾ 2022ൽ തന്നെ അതിന്റെ ഷോർട്ട് വീഡിയോ സമയ പരിധി 10 മിനിറ്റായി വർദ്ധിപ്പിച്ചിരുന്നു.

ഇൻസ്റ്റഗ്രാം ഇത്തരത്തിൽ സമയ പരിധി വർദ്ധിപ്പിക്കുന്നതോടെ ക്രിയേറ്റേർസിന് പലവിധത്തിലുള്ള വിശദമായ വീഡിയോകൾ പങ്കുവെക്കാൻ സാധിക്കും. വീഡിയോകളും ഫോട്ടോകളും സൗജന്യമായി പങ്കുവെക്കാൻ സാധിക്കുന്ന പ്ലാറ്റഫോമായ ഇൻസ്റ്റഗ്രാം 2010 ഒക്‌ടോബറിലാണ് അവതരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ റീൽ ക്രിയേറ്റ് ചെയ്യാൻ ഇൻസ്റ്റഗ്രാം ആപ്പിലെ താഴെ ഭാഗത്ത് നടുവിൽ കാണുന്ന 'പ്ലസ്' സൈൻ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന മെനുവിൽ നിന്ന് 'റീൽ' ക്ലിക്ക് ചെയത് വീഡിയോ റെക്കോഡ് ചെയ്തും നേരത്തെ റെക്കോഡ് ചെയ്തു വെച്ച വീഡിയോ ഉപയോഗിച്ചും റീൽ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ആവശ്യമായ രീതിയിൽ മ്യൂസിക്, ഫിൽട്ടറുകൾ, ടെക്സ്റ്റ് എന്നിവ ചേർത്ത് എഡിറ്റ് ചെയത് 'ഷെയർ' ക്ലിക്ക് ചെയ്ത് റീൽ പോസ്റ്റ് ചെയ്യാൻ സാധിക്കും.

Tags:    

Similar News