ഇനി സ്റ്റോറീസിന് കമന്റിടാം വായിക്കുകയും ചെയ്യാം; പുത്തൻ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം
സ്റ്റോറീസിന് വേണ്ടി പുതിയ കമന്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ് പോലെ തന്നെ പരിമിതമായ സമയത്തേക്ക് എല്ലാവര്‍ക്കും ഈ കമന്റുകള്‍ കാണാന്‍ സാധിക്കും. സാധാരണ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ളുടെ കമന്റുകള്‍ കാണാൻ കഴിയ്യുന്നത് പോലെ തന്നെയായിരിക്കും സ്‌റ്റോറീസിന് നല്‍കിയിരിക്കുന്ന കമന്റുകളും കാണുക. 24 മണിക്കൂര്‍ നേരമാണ് സ്‌റ്റോറീസിന്റെ ആയുസ്. അത്ര തന്നെ ആയിരിക്കും അവയുടെ കമന്റുകളുടെയും ആയുസ്. സമയം കഴിഞ്ഞ് സ്‌റ്റോറീസ് അപ്രത്യക്ഷമാവുന്നതിനൊപ്പം തന്നെ കമന്റുകളും അപ്രത്യക്ഷമാവും.
നേരത്തെ തന്നെ റിപ്ലൈ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. അതുവഴി സ്റ്റോറീസിനോട് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ നല്‍കുന്ന പ്രതികരണങ്ങള്‍ സ്റ്റോറീസ് പങ്കുവെച്ച ആള്‍ക്ക് ഡിറക്റ്റ് മെസേജായിട്ടാണ് പോവുക. വെറെയാർക്കും കാണാൻ സാധിക്കില്ല. എന്നാല്‍ പുതിയ ഫീച്ചര്‍ വഴി സ്റ്റോറീസിന് വരുന്ന കമന്റുകള്‍ മറ്റുള്ളവര്‍ക്ക് കാണാനാവും. എന്നാല്‍ കമന്റുകള്‍ മറ്റുള്ളവര്‍ കാണണോ എന്ന് ഉപഭോക്താവിന് സെറ്റിങ്‌സില്‍ തീരുമാനിക്കാം. എന്നാൽ ഈ ഫീച്ചര്‍ എപ്പോള്‍ ആപ്പുകളില്‍ എത്തുമെന്ന് വ്യക്തമായിട്ടില്ല.