കമ്പ്യൂട്ടര്‍ ഇറക്കുമതി നയത്തില്‍ അയവ് വരുത്തി ഇന്ത്യ. ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്തില്ല. പകരം ഇറക്കുമതിയുടെ തോതും അവ എവിടെ നിന്ന് വരുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെയും, ബഹുരാഷ്‌ട്ര കമ്പ്യൂട്ടര്‍ കമ്പിനികളുടെയും സമ്മര്‍ദം മൂലമാകാം നയത്തില്‍ മാറ്റം വരുത്തിയതെന്നാണ് വിലയിരുത്തല്‍.
ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ ലൈസന്‍സിംഗ് വ്യവസ്ഥയ്‌ക്ക് കീഴിലാക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ലൈസന്‍സ് നേടിയ ശേഷം മാത്രമേ ഇവ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ എന്ന സര്‍ക്കാറിന്റെ മുന്‍ നിലപാടില്‍ നിന്നും വിപരീതമായ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
"ലാപ്‌ടോപ്പുകള്‍ ഇറക്കുമതി ചെയ്യുന്നതു സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ പറയുന്നത്, . നിയന്ത്രണങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല, "വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറക്കുമതി മാനേജ്മെന്റ് സംവിധാനം നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു.