വീടിനുള്ളിൽപ്ലാസ്റ്റിക് കവറിൽ വെള്ളംനിറച്ചു തൂക്കിയിട്ടാൽ ഈച്ച ശല്യം ഒഴിവാകുമോ, സത്യമെന്താണ്?

Update: 2023-02-20 12:54 GMT

ഈച്ചകൾ എന്നും ശല്യമാണ്. വീടിന്നുള്ളിൽ എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലപ്പോഴും ഈച്ച ഒഴിവാകാറില്ല. കൊച്ചുകുട്ടികളുള്ള വീടുകളിൽ ഈച്ചയെ ഒഴിവാക്കാൻ കെമിക്കൽ പ്രയോഗങ്ങൾ നടത്തുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പ്രധാനമായും അടുക്കള, ഡൈനിങ് ഹാൾ എന്നിവിടങ്ങളിലാണ് ഈച്ച ശല്യം കൊണ്ടു നാം പൊറുതിമുട്ടുക. അതേസമയം, സ്വീകരണമുറികളിലും കിടപ്പുമുറികളിലും വരാന്തയിലുമെല്ലാം ഈച്ച വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. വിലപ്പെട്ട അതിഥി വീട്ടിലെത്തുമ്പോൾ വീടിന്നകത്ത് ഈച്ചയെ കണ്ടാൽ വീട്ടുകാരുടെ അവസ്ഥയെന്താകും. അതിഥിക്കുമുമ്പിൽ അവർക്കു തലകുനിക്കേണ്ടിവരും.

ഈച്ചകളെ തടയാൻ പല മാർഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കൽ പ്രയോഗങ്ങളില്ലാതെ ഈച്ചകളെ തുരത്താൻ കഴിയുമെന്ന് ചിലർ അവകാശപ്പെടുന്നു. അതിനുള്ള ട്രിക്കുകൾ എന്തൊക്കെയാണെന്നല്ലേ! വീടിന്നുള്ളിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ വെള്ളം നിറച്ച് അതിൽ നാണയങ്ങളിട്ട് തൂക്കിയിട്ടാൽ ഈച്ച വരില്ലെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളിൽ മാത്രമല്ല, കടകളിലും ചെറിയ ഭക്ഷണശാലകളിലും ഈ മാർഗം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് യഥാർഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു പലർക്കും സംശയമാണ്. എന്നാൽ, ഈച്ച ശല്യം അകലുമെന്നതു വാസ്തവമാണ്. പ്ലാസ്റ്റിക് ബാഗിൽ വെള്ളംനിറച്ച് നാണയമിട്ട് വീടിനുള്ളിൽ കെട്ടിത്തൂക്കുന്ന ജനപ്രിയമാർഗം നമ്മൾ മാത്രമല്ല, വിദേശരാജ്യങ്ങളിലുള്ളവരും ഉപയോഗിക്കാറുണ്ട്.

വെള്ളംനിറച്ച് നാണയമിട്ട പ്ലാസ്റ്റിക് ബാഗ് ഈച്ചയുടെ കാഴ്ചയെ കുഴപ്പത്തിലാക്കുന്നു. ബാഗിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രകാശം നാണയത്തിൽത്തട്ടി പ്രതിഫലിക്കുമ്പോൾ ഇച്ചകളെ ആശയക്കുഴപ്പത്തിലാക്കുകയും മറ്റേതെങ്കിലും ഭാഗത്തേക്കു പോകാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രകാശം പ്രതിഫലിക്കുന്ന പ്ലാസ്റ്റിക് ബാഗ് മറ്റൊരു പ്രാണിയുടെ കണ്ണാണെന്നു തെറ്റദ്ധരിച്ചാണ് ഈച്ച ദിശമാറിപ്പോകുന്നതെന്നും ചിലർ പറയുന്നു.

അതേസമയം, ഇത്തരം മാർഗങ്ങൾ യഥാർഥത്തിൽ ആശ്രയിക്കാവുന്നതല്ലെന്ന് മേഖലയിലെ വിദഗ്ധർ വെളിപ്പെടുത്തുന്നു. ശുചിത്വമാണ് ഈച്ച ശല്യത്തിനു ശാശ്വതപരിഹാരം. ഈച്ചകൾ ചത്തതോ ചീഞ്ഞളിഞ്ഞതോ ആയ ജൈവവസ്തുക്കളാണു ഭക്ഷിക്കുന്നത്. ഇത്തരം വസ്തുക്കളുള്ളിടത്താണ് ഈച്ചകൾ പ്രത്യക്ഷപ്പെടുന്നത്. അവിടങ്ങളിൽ മുട്ടയിടുകയും കൂടുതൽ ഈച്ചകൾ വിരിയുകയും ചെയ്യുന്നു. ഇതിനെല്ലാം ഫലപ്രദമായ മാർഗം ശുചിത്വം തന്നെ!

Similar News