പർവതാരോഹകർ പുറന്തള്ളുന്ന രോഗാണുക്കൾ എവറസ്റ്റിൽ തണുത്തുറഞ്ഞു കിടക്കും നൂറ്റാണ്ടുകളോളം
എവറസ്റ്റ് സാഹസികരുടെ പറുദീസ! വർഷം തോറും നിരവധി പർവതാരോഹകർ എവറസ്റ്റിനെ കീഴടക്കാനെത്തുന്നു. ചിലർ പരാജിതരായി മടങ്ങുന്നു. മറ്റു ചിലർ ലോകത്തിന്റെ തലപ്പത്തെത്തി വിജയം കാണുന്നു. അടുത്തിടെ ശാസ്ത്രജ്ഞർ എവറസ്റ്റിൽ നടത്തിയ ചില പഠനങ്ങൾ പർവതാരോഹകർ എവറസ്റ്റിൽ പുറന്തള്ളുന്ന രോഗാണുക്കളെക്കുറിച്ചായിരുന്നു. ലോകമെങ്ങുമുള്ള രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്ന കൊടുമുടിയാണ് എവറസ്റ്റ് എന്ന് ഗവേഷകർ പറയുന്നു.
എവറസ്റ്റിലെത്തുന്ന പർവതാരോഹകർ തുപ്പുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന രോഗാണുക്കൾ മഞ്ഞിൽ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുമെന്നാണു പഠനം നടത്തിയ ഗവേഷകർ പറയുന്നത്. ഉയർന്ന പ്രദേശങ്ങളിലെ പ്രതികൂലവും അതികഠിനവുമായ സാഹചര്യങ്ങളെ ചെറുക്കാനും അതിജീവിക്കാനും രോഗാണുക്കൾക്കു കഴിയും. നൂറ്റാണ്ടുകളോളം പ്രതലത്തിൽ ഉറങ്ങിക്കിടക്കാനും സൂഷ്മാണുക്കൾക്കു കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു.
എവറസ്റ്റിലെ അതിരൂക്ഷമായ സാഹചര്യങ്ങൾക്കിടയിൽ പർവതങ്ങളിൽനിന്നു വേർതിരിച്ചെടുത്ത ബാക്ടീരിയകളെയും ഫംഗസുകളെയുമാണു ഗവേഷകർ പഠനവിധേയമാക്കിയത്. അവയിൽ ഭൂരിഭാഗവും നിഷ്ക്രിയമായ അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളിൽ എത്തുന്ന രോഗാണുക്കൾ എങ്ങനെ സജീവമായി നിലകൊള്ളുന്നു എന്നതിനെക്കുറിച്ചും പഠനം വിശദമാക്കുന്നുണ്ട്.
ജീൻ സീക്വൻസിങ് എന്ന അധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എവറസ്റ്റിൽനിന്നു ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. പർവതാരോഹണത്തിനെത്തിയവർ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കൾ എവറസ്റ്റിന്റെ അതിരൂക്ഷമായ കാലവാസ്ഥയുമായി ഇണങ്ങിച്ചേരാനുള്ള കഴിവു വികസിപ്പിച്ചെന്നും അതിജീവനത്തിനുള്ള ശേഷി നേടിയതായും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ചില രോഗാണുക്കൾ പരിണാമം പ്രാപിച്ചതായും ഗവേഷസംഘം കണ്ടെത്തി. ഇതു സംബന്ധിച്ച ലേഖനങ്ങൾ ആർട്ടിക്, അന്റാർട്ടിക്, ആൽപൈൻ റിസെർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.