ബ്രസീലില്‍ കോടതി വിധി അനുസരിക്കാന്‍ എക്സ്; വിലക്കിന് വഴങ്ങി മസ്‌ക്

Update: 2024-09-04 12:04 GMT

സോഷ്യല്‍ മീഡിയാ പ്ലാറ്റഫോമായ എക്‌സ് നിരോധിക്കാനുള്ള ബ്രസീല്‍ സുപ്രീം കോടതിയുടെ വിധി അനുസരിക്കാനൊരുങ്ങി കമ്പനി. ഇതോടെ ഇനി ബ്രസീലിന്റെ പരിധിയ്ക്കുള്ളില്‍ എക്‌സ് ലഭിക്കാതെയാകും. ഇലോണ്‍ മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ നെറ്റ്‌വര്‍ക്കിലും എക്‌സ് ഇനി ലഭിക്കില്ല.

എക്‌സ് ബ്രസീലിൽ വിലക്കാൻ ഉത്തരവിറക്കിയ സുപ്രീം കോടതി ജഡ്ജി അലക്‌സാന്ദ്രേ ഡി മാറേസിനെ ഇലോണ്‍ മസ്‌ക് പരസ്യമായി വിമര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 2-നും ഈ ഉത്തരവില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതി തയ്യാറായില്ല. മാത്രമല്ല ബ്രസീലിയന്‍ പ്രസിഡന്റ് യുയിസ് ഇനാസിയോ ലുല ഡി സില്‍വയും നിരോധനത്തെ പിന്തുണച്ചു. ബ്രസീലിലെ എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളോടും എക്‌സിന്റെ ലഭ്യത തടയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് എക്‌സ് നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന എക്‌സ് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയും എക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഈ ഉത്തരവ് പാലിക്കാൻ എക്‌സ് തായാറായില്ല. രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും അനുസരിച്ചില്ല. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അതിനെ നശിപ്പിക്കുകയാണെന്നും, എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു.

തുടർന്ന് മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്റെ ബാങ്ക് അക്കൗണ്ടുകൾ ബ്രസീല്‍ മരവിപ്പിച്ചു. ഇത് രണ്ട് കമ്പനികളാണെന്നും എക്‌സിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉത്തരവാദിയാകില്ലെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. അതേസമയം എക്‌സ് ഉത്തരവുകള്‍ അനുസരിച്ചില്ലെങ്കിൽ സ്റ്റാര്‍ലിങ്കിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു സര്‍ക്കാര്‍ എന്നാണ് റിപ്പോർട്ട്.

Tags:    

Similar News