ഫോൺ വിളി ഇനി എക്സിലൂടെ മാത്രം; ഫോൺ നമ്പർ ഒഴിവാക്കുകയാണെന്ന് ഇലോൺ മസ്‌ക്
മാസങ്ങൾക്കുള്ളിൽ താൻ തന്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും ഇനി മുതൽ ഓഡിയോ വീഡിയോ കോളുകൾക്കും ടെക്സ്റ്റ് സന്ദേശങ്ങൾക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റിൽ ഇലോൺ മസ്‌ക് പറഞ്ഞു.
പേര് മാറ്റത്തിന് പിന്നാലെ എക്സിൽ വന്ന വിവിധ ഫീച്ചറുകൾക്കൊപ്പമാണ് വീഡിയോ ഓഡിയോ കോൾ സൗകര്യവും കമ്പനി അവതരിപ്പിച്ചത്. ഈ ഫീച്ചർ ഉപയോഗിക്കാൻ ഫോൺ നമ്പറുകൾ വേണ്ട. ഐഒഎസിലും ആൻഡ്രോയിഡിലും പേഴ്സണൽ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം.
എക്സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകൾക്ക് പ്രചാരം നൽകുന്നതിനുള്ള മസ്‌കിന്റെ നീക്കമാണിത്. കഴിഞ്ഞ ഒക്ടോബറിലാണ് എക്സിൽ ഈ ഫീച്ചറുകൾ അവതരിപ്പിച്ചത്. എക്സിനെ ഒരു 'എവരിതിങ് ആപ്പ്' എന്ന നിലയിൽ പ്രചാരം നൽകുകയാണ് മസ്‌ക്.