ഗ്രോക്ക് ചാറ്റ്‌ബോട്ട്; അടുത്തയാഴ്ച ഗ്രോക്ക് 1.5 എക്‌സിൽ വരുമെന്ന് ഇലോൺ മസ്ക്
എക്സ്എഐയുടെ ചാറ്റ്‌ബോട്ട് ഗ്രോക്കിന്റെ ഏറ്റവും പുതിയ വേർഷനായ ഗ്രോക്ക് 1.5 അടുത്തയാഴ്ച മുതല്‍ എക്‌സ് പ്ലാറ്റ്ഫോമിൽ ലഭ്യമാവുമെന്ന് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐയാണ് ഗ്രോക്കിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗ്രോക്ക് ചാറ്റ്‌ബോട്ടിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗ്രോക്ക് 1.5. പരീക്ഷണാടിസ്ഥാനത്തില്‍ ചില ഉപഭോക്താക്കള്‍ക്കായി ഇത് വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് എക്‌സ് എഐ പറഞ്ഞു.
ഇനി വരാനിരിക്കുന്ന മോഡലായ ഗ്രോക്ക് 2 എല്ലാതരത്തിലും നിലവിലുള്ള എഐയെ മറികടക്കുമെന്ന് മസ്‌ക് അവകാശപ്പെടുന്നു. ഇപ്പോള്‍ അത് പരിശീലനത്തിലാണ്. ഗ്രോക്ക് എഐ മോഡലിനെ ഓപ്പണ്‍ സോഴ്‌സ് ആക്കിമാറ്റുമെന്ന് അടുത്തിടെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഓപ്പണ്‍ സോഴ്‌സ് ആക്കി കഴിഞ്ഞാൽ ഗ്രോക്ക് എഐയുടെ കോഡുകള്‍ മറ്റുള്ളവർക്ക് ലഭ്യമാകും. അങ്ങനെ അതിലെ പിഴവുകള്‍ കണ്ടുപിടിക്കാനും പരിഷ്‌കരിക്കാനും അവര്‍ക്ക് സാധിക്കും.