ലിങ്ക്ഡ്ഇന് ബദലായി എക്സോ? എക്‌സില്‍ ഇനി തൊഴില്‍ അന്വേഷിക്കാനുള്ള ഫീച്ചറും
എക്‌സ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി മാത്രം ഒതുക്കി നിർത്താനല്ല ഇലോണ്‍ മസ്‌കിന്റെ ഉദ്ദേശം. മറിച്ച് പല ആപ്പുകളുടേയും സേവനം എക്സ് എന്ന ഒറ്റ ആപ്പിലൂടെ ഉപയോക്താക്കളുടെ മുന്നിലെത്തിക്കാനാണ് മസ്ക് ശ്രമിക്കുന്നത്. അതിനായി എക്സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മസ്ക്. മസ്കിന്റെ കൈയിൽ എത്തിയതോടെ എക്സ് അടിമുടി മാറി. ട്വിറ്ററായിരുന്നപ്പോൾ ചെറിയ കുറിപ്പുകള്‍ മാത്രമേ ഇതിൽ പങ്കുവെക്കാന്‍ സാധിച്ചിരുന്നുള്ളു എങ്കിൽ ഇപ്പോൾ ഈ പ്ലാറ്റ്‌ഫോമില്‍ ദൈര്‍ഘ്യമേറിയ വീഡിയോകളും നീളമേറിയ ട്വീറ്റുകളും പങ്കുവെക്കാനാവും. പ്രീമിയം സബ്‌സ്‌ക്രിപ്ഷന് കീഴില്‍ കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാണ്.
എക്സിൽ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. ലിങ്ക്ഡ്ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിനാണ് ഇത് വഴിയൊരുക്കുക. എക്‌സിലെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത് വെബ് ഡെവലറായ നിവ ഔജിയാണ്. ഇനി ഉപയോക്താക്കൾക്ക് എക്സിൽ തൊഴിൽ അന്വേഷിക്കാനാകും. എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാനാകും. പ്രത്യേകം കമ്പനികളില്‍ നിന്നുള്ള തൊഴിലവസരങ്ങളും സെര്‍ച്ച് ചെയ്യാനാകും. ഈ സൗകര്യങ്ങളെല്ലാം ലിങ്ക്ഡ്ഇനില്‍ ലഭ്യമാണ്.10 ലക്ഷം കമ്പനികള്‍ എക്‌സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ടെന്നാണ് കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തിയത്. മാത്രമല്ല ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.