സഞ്ചാരികളില്ലാതെ സ്റ്റാർലൈനർ പേടകം നിലം തൊട്ടു; അവസാനമായത് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന്
ഒടുവിൽ ബോയിംഗ് സ്റ്റാർലൈനർ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ ഇന്ത്യൻ സമയം 9:37ഓടെ സ്റ്റാർലൈനർ ലാന്‍ഡ് ചെയ്തത്. അടുത്ത കാലത്തുണ്ടായ ബഹിരാകാശ ദൗത്യങ്ങളിൽ എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട ദൗത്യമാണ് അവസാന നിമിഷം വിജയം കണ്ടത്. എന്നാൽ സുനിത വില്യംസിനും ബുച്ച് വിൽമോറിനും അതങ്ങ് ബഹിരാകാശ നിലയത്തിൽ ഇരുന്ന് കാണേണ്ടി വന്നു.
2024 ജൂണ്‍ അഞ്ചിനാണ് ഇരുവരെയും കൊണ്ട് സ്റ്റാര്‍ലൈനര്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും ചേർന്നുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. എന്നാൽ പേടകത്തിന്‍റെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. ഇതേ പേടകത്തില്‍ മടങ്ങുന്നത് ഇരുവരുടെയും ജീവന് ഭീഷണിയായതുകൊണ്ടാണ് നാസ ആളില്ലാതെ സ്റ്റാർലൈനർ തിരിച്ചിറക്കാൻ തീരുമാനിച്ചത്.